കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും സഞ്ചരിച്ച വാഹനങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അപകടത്തില്‍പ്പെട്ടു. ഒന്നാം പ്രതി കനകരാജ് കഴിഞ്ഞ ദിവസം രാത്രി സേലത്ത് വച്ചുണ്ടായ ബൈക്കപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഒരു കാറിലിടിക്കുകയായിരുന്നു. മുമ്പ് ജയലളിതയുടെ എസ്‌റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്.

ഇന്ന് രാവിലെ പാലക്കാട് കണ്ണാടിയിലാണ് രണ്ടാം പ്രതിയായ സയന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ഇയാളുടെ ഭാര്യയും മകളുമാണ് മരണപ്പെട്ടത്. സയനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ഒരു ബേക്കറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. അതേസമയം ഇരുവരെയും തമിഴ്‌നാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെന്നും ഉന്നതരുടെ സ്വാധീനത്താല്‍ പുറത്തിറങ്ങിയെന്നുമാണ് പറയപ്പെടുന്നത്. കേസില്‍ പ്രതികളായ ഏഴ് മലയാളികളെ തമിഴ്‌നാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അപകടമുണ്ടായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.