
ജമ്മു കാശ്മീരിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ അസ്ഥിരമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി ജർമൻ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മെർക്കൽ. കാശ്മീരിലെ സാഹചര്യങ്ങൾ മാറേണ്ടതുണ്ടെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യുമെന്നും മെർക്കൽ വ്യക്തമാക്കി. സന്ദർശനത്തിനെത്തിയ മെർക്കലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ 11 കരാറുകൾ ഒപ്പുവയ്ക്കപ്പെട്ടു.
ബഹിരാകാശം, സമുദ്രസാങ്കേതികവിദ്യ, വ്യോമഗതാഗതം, വൈദ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് കരാറുകൾ. അഞ്ചു പ്രഖ്യാപനങ്ങളും ഉണ്ടായി. ഭീകരവാദം ചെറുക്കുന്നതിന് ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇന്ത്യയും ജർമനിയും തീരുമാനിച്ചു. മെർക്കലുമായി നടത്തിയ അഞ്ചാമത് ഇന്ത്യ-ജർമനി സർക്കാർ തല ചർച്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് മോദി പത്രക്കുറിപ്പിൽ അറിയിച്ചു.

യു.എൻ രക്ഷാസമിതി വിപുലമാക്കണമെന്ന ആവശ്യത്തിലടക്കം ഇരു രാജ്യങ്ങളും സഹകരിക്കും. പ്രതിരോധ മേഖലയിലെ അവസരങ്ങൾ മുതലാക്കാൻ ജർമനിയെ സ്വാഗതം ചെയ്തു. ഇ-മൊബിലിറ്റി, സ്മാർട്ട് സിറ്റികൾ, നദികൾ ശുദ്ധിയാക്കൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിൽ രാജ്യങ്ങൾ സഹകരിക്കുമെന്ന് മോദി അറിയിച്ചു.
നവീന സാങ്കേതികമേഖലകളിലടക്കം ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പുവരുത്തുന്നതാണ് ഒപ്പുവയ്ക്കപ്പെട്ട കരാറുകളെന്ന് മെർക്കൽ പറഞ്ഞു. നിർമിത ബുദ്ധി, 5ജി മേഖലകൾ വെല്ലുവിളി ഉയർത്തുന്നതാണ്. വെല്ലുവിളികൾ മറികടക്കാൻ സഹകരണം അനിവാര്യമാണ്. അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട വന്പൻ പദ്ധതികളിൽ സഹകരിക്കാൻ ജർമനിക്ക് താത്പര്യമുള്ളതായും അവർ കൂട്ടിച്ചേർത്തു.
