ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക ഓപറേഷനെതിരേ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ വെടിവയ്പ്. ഏഴു സിവിലിയന്‍മാരുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായാണു വിവരം. 12ലേറെ പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സായുധസംഘാംഗമായ മൂന്നുപേരും ഒരു സൈനികനും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ സിര്‍നോയിലാണ് സംഭവം. സായുധരുണ്ടെന്ന നിഗമനത്തില്‍ സൈന്യം നടത്തിയ ഓപറേഷനെ നാട്ടുകാര്‍ എതിര്‍ക്കുകയും വെടിവയ്പില്‍ കലാശിക്കുകയുമായിരുന്നു. സൈന്യത്തിന്റെ വെടിവയ്പിലാണ് ഏഴു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത്.
മൊന്‍ഘാമയിലെ ഷഹ്ബാസലി, ബെലോയിലെ സുഹൈല്‍ അഹ്മദ്, പരിഗാമിലെ ലിയാഖത് അഹ്മദ്, അഷ്മിന്ദറിലെ അമിര്‍ അഹ്മദ്, കരീമാബാദിലെ അബിദ് ഹുസയ്ന്‍ ലോണ്‍, മറ്റൊരാള്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു നാട്ടുകാര്‍ പറയുന്നു. അതേസമയം, സൈന്യത്തില്‍ നിന്ന് ഒളിച്ചോടി സായുധസംഘത്തിനൊപ്പം ചേര്‍ന്നയാള്‍ ഉള്‍പ്പെടെ മൂന്നു അക്രമികളെ വധിച്ചെന്നും ഒരു സൈനികനും കൊല്ലപ്പെട്ടതായും പുല്‍വാമ ഡെപ്യൂട്ടി കമ്മീഷണര്‍ ഗുലാം മുഹമ്മദ് ധര്‍ പറഞ്ഞു. എന്നാല്‍, കൊലപ്പെടുത്തിയ സായുധസംഘങ്ങളുടെ വിവരങ്ങള്‍ സൈന്യം വ്യക്തമാക്കിയില്ല. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ശ്രീനഗറിനും ബനിഹാലിനും ഇടയില്‍ ട്രെയിന്‍ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ ബോളിവുഡ് സിനിമയായ ഹൈദറില്‍ അഭിനയിച്ച 16കാരനായ സാദിഖ് ബിലാലിനെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇയാള്‍ ലഷ്‌കറെ ത്വയ്യിബയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സൈന്യം പറഞ്ഞത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ജമ്മു കശ്മീരില്‍ വെടിവയ്പ്: 7 സിവിലിയന്‍മാരുള്‍പ്പെടെ 11 മരണം