
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് മൂന്നാമതു നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കര്‍ശന ഉപാദികളോടെ കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് മജിസ്ട്രെറ്റുകോടതിയില് സമര്‍പ്പിക്കണം. ഇതുമൂലം വിദേശത്തേക്ക് പോകാന്‍ ദിലീപിന് ആകില്ല. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആള് ജാമ്യവുമാണ് ദിലീപിന് പുറത്തിറങ്ങാന്‍ ആവശ്യമായി വന്നത്.

കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പോലീസ് പ്രതിയെ അറിയിക്കുന്നില്ലെന്നായിരുന്നു ദിലിപിനായി അഡ്വക്കറ്റ് ബി. രാമന്‍പിള്ളയുടെ ആരോപണം. ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും രാമന്‍പിള്ള വാദിച്ചിരുന്നു. പിതാവിന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ പുറത്തെത്തിയ സമയത്തും കേസിന്റെ നടപടിയെ തടയുന്ന രീതിയില്‍ താരം ഇടപെട്ടില്ല എന്നും ജാമ്യഹര്‍ജിയില്‍ വാദിച്ചിരുന്നു.
കേസില്‍ ഇതിനകം 21 സാക്ഷികളുടെ മൊഴിയെടുത്തു. നാലുപേരെകൂടി ചോദ്യം ചെയ്യാനുണ്ട്. അതിനിടെ കേസിലെ ഒരു സാക്ഷിയെ കാവ്യ മാധവന്റെ ഡ്രൈവര്‍ 41 തവണ വിളിച്ചതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അറിയിച്ചു.ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.
