ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരായ ഒരു നീക്കവും അംഗീകരിക്കാനാകില്ല; ഗവര്‍ണര്‍ക്കെതിരെ ഉമ്മന്‍ചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരായ ഒരു നീക്കവും അംഗീകരിക്കാനാകില്ല; ഗവര്‍ണര്‍ക്കെതിരെ ഉമ്മന്‍ചാണ്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭരണഘടനാപരമായി ഗവര്‍ണര്‍ പദവിക്കുള്ള പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളാ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ നിയന്ത്രിക്കാനും മൂക്കുകയറിടാനുമുള്ള ഒരു നീക്കവും അംഗീകരിക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് നിയമപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. നിയമസഭ ഐക്യകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്‍റെ പൊതുവികാരത്തിനും അനുയോജ്യമായ തുടര്‍നടപടിയാണ് അതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചട്ടങ്ങള്‍ പ്രകാരം തീരുമാനം ഗവര്‍ണറെ അറിയിച്ചോ ഇല്ലയോ എന്നത് സര്‍ക്കാര്‍ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്‌നം മാത്രമാണ്. അതിന്‍റെ പേരില്‍ ഗവര്‍ണര്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

ഇന്ത്യന്‍ ജനാധിപത്യക്രമത്തില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവര്‍ണറുടെ പ്രതികരണങ്ങള്‍. അതുകൊണ്ട് പരസ്യ വിവാദങ്ങള്‍ ഒഴിവാക്കി നാടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണര്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

0Shares