ബെംഗ്‌ളൂരു: വാഹനാപകടത്തില്‍പെട്ട് രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന പതിനേഴുകാരന്‍ ജീവനായി കേഴുമ്പോള്‍ മൊബൈല്‍ ചിത്രമെടുക്കാനുള്ള തിരക്കിലായിരുന്നു നാട്ടുകാര്‍. കര്‍ണാടകയിലെ കോപ്പലിലാണ് അതി ദാരുണമായ ഈ സംഭവം നടന്നത്. രാവിലെ മാര്‍ക്കറ്റിലേക്ക് സൈക്കിളില്‍ പോയ അന്‍വര്‍ അലിയാണ് സര്‍ക്കാര്‍ ബസിടിച്ച് റോഡില്‍ വീണത്. അലിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. രക്തത്തില്‍ കുളിച്ച് യുവാവ് അരമണിക്കൂറിലേറെ റോഡില്‍ കിടന്നു. രക്ഷിക്കണമെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നുമുള്ള യുവാവിന്റെ അഭ്യര്‍ഥന ചെവിക്കൊള്ളാന്‍ പോലും അവിടെ കൂടിനിന്നവര്‍ ആരും തയ്യാറായില്ല. കണ്ണില്‍ ചോരയില്ലാത്തവര്‍ എല്ലാവരും മൊബൈലില്‍ ചിത്രവും വീഡിയോയും എടുക്കുന്നിതിനുള്ള തിരക്കിലായിരുന്നു.

അരമണിക്കൂറിനു ശേഷം പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനകം വലിയ അളവില്‍ രക്തം നഷ്ടപ്പെട്ട യുവാവ് മരണമടയുകയും ചെയ്തു. ആരെങ്കിലും അലിയെ നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് സഹോദരന്‍ റിയാസ് പറഞ്ഞു. അതേസമയം, ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്നും പല തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.