
എം.ജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ പ്രത്യാരോപണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ.സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കാരനേക്കാൾ 122 മാർക്ക് പിന്നിലുള്ള ചെന്നിത്തലയുടെ മകന് അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ 30 മാർക്ക് കൂടുതൽ കിട്ടിയെന്ന് ജലീൽ ആരോപിച്ചു.
ഇതും അന്വേഷണ പരിധിയിൽ വരേണ്ടതല്ലേയെന്നും പി.എസ്.സിയുടെ വിശ്വാസ്യത മാത്രം സംരക്ഷിച്ചാൽ മതിയോ യു.പി.എസ്.സിയുടെ വിശ്വാസ്യതയും സംരക്ഷിക്കപ്പടേണ്ടതല്ലേയെന്നും ജലീൽ പരിഹാസരൂപേണ ചോദിച്ചു.

മോഡറേഷനെ മാർക്ക് ദാനമാണെന്നാണ് പ്രതിപക്ഷം നേതാവ് വിളിക്കുന്നത്. മോഡറേഷൻ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. മോഡറേഷൻ നിർത്തണമെന്ന് പ്രതിപക്ഷനേതാവിന് അഭിപ്രായമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അദാലത്തിലെ ഉദ്ഘാടന സമ്മേളനത്തിൽ മാത്രമാണ് തന്റെ പി.എ പങ്കെടുത്തത്. ഈ ദൃശ്യങ്ങൾ അന്നു തന്നെ എം.ജി യൂനിവേഴ്സിറ്റി ഫേസ്ബുക്ക് പേജിലുടെ സംപ്രേക്ഷണം ചെയ്തതാണെന്നും ജലീൽ പറഞ്ഞു.
അദാലത്തിൽ അല്ല സിൻഡിക്കേറ്റിലാണ് മോഡറേഷൻ സംബന്ധിച്ച് തീരുമാനമെടുത്തത്. 2012ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി യു.ഡി.എഫ് ഭരണകാലത്ത് ബി.ടെക് വിദ്യാർത്ഥികൾക്ക് 20 മാർക്ക് മോഡറേഷൻ നൽകിയിരുന്നു. ഇതു തന്നെയാണ് എം.ജി യൂനിവേഴ്സിറ്റിയിലും ഉണ്ടായത്. മോഡറേഷന്‍റെ ഗുണം ഒരു വിദ്യാർത്ഥിക്കല്ല 150ഓളം വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
