
പ്രതിപക്ഷ നിരയിലെ നേതാക്കളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മായാവതി, അഖ്‌ലേഷ് യാദവ് തുടങ്ങിയവര്‍ക്കെതിരെ അധിക്ഷേപവുമായി ബി.ജെപി അധ്യക്ഷന്‍ അമിത് ഷാ. യു.പിയില്‍ ബി.എസ്.പിയും എസ്.പിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാഹുബലിമാരെയാണ് രംഗത്തിറക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും യോഗി അദിത്യനാഥ് സര്‍ക്കാറിനെ ഇളക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രകൂടില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് മാറിയ കാര്യം പ്രതിപക്ഷത്തിന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് അമിത് ഷാ പരിഹസിച്ചു.

ചൂടു കൂടുമ്പോള്‍ നാടുവിടുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പരഹസിച്ചു. അദ്ദേഹത്തിന്‍റെ മാതാവ് സോണിയക്കു പോലും മകന്‍ എവിടെയാണ് പോവുന്നതെന്ന് അറിയില്ലെന്നും അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു അവധി പോലും എടുത്തിട്ടില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അവകാശപ്പെട്ടു.
പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന പല്ലവി മായാവതിയും അഖിലേഷും ആവര്‍ത്തിക്കുന്നു. യു.പിയിലെ ജനങ്ങള്‍ 25 വര്‍ഷം അവര്‍ക്ക് അവസരം നല്‍കി. അവര്‍ പാവപ്പെട്ട ജനതക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോഡി സര്‍ക്കാറിനു കീഴില്‍ പാവപ്പെട്ടവര്‍ക്കായി ഒരു പാട് പദ്ധതികള്‍ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
