കൊച്ചി: ചുമ്പന സമരത്തിന് നേതൃത്വം നല്‍കിയ രശ്മി ആര്‍.നായര്‍ ഏഷ്യാനെറ്റ് ന്യൂസ് വെബില്‍ ആരംഭിച്ച കോളം ആദ്യ ലേഖനം വന്ന് നിമിഷങ്ങള്‍ക്കകം തന്നെ പിന്‍വലിച്ചു. ‘ഈ തിരക്കഥ കേരളത്തിലോടുമോ’? എന്ന പേരിലാണ് രശ്മി ആര്‍ നായരുടെ ലേഖന പരമ്പര ഏഷ്യാനെറ്റില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. വലിയ കൊട്ടിഘോഷിക്കലോടെയാണ് പരമ്പരക്ക് തുടക്കം കുറിച്ചത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേ കേസെടുത്ത സംഭവം, കേരളത്തില്‍ ആര്‍.എസ്.എസ് നടപ്പാക്കുന്ന അജണ്ടകള്‍, രാഷ്ട്രീയ കൊലപാതകത്തെ മുതലെടുക്കുന്ന ആര്‍.എസ്.എസ് നിലപാട് തുടങ്ങിയ വിഷയങ്ങളാണ് ആദ്യ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നത്. കണ്ണൂര്‍ കൊലപാതകം സംഘപരിവാര്‍ അജണ്ടയാണെന്ന വിലയിരുത്തലും ലേഖനത്തിലുണ്ടായിരുന്നു.

എന്നാല്‍ മിനുട്ടുകള്‍ക്കകം ഇത് പിന്‍വലിക്കപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ലേഖനം തയ്യാറാക്കിയതെന്ന് രശ്മി പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം വീതം കോളത്തിലേക്ക് ലേഖനം വേണമെന്നും ഇവരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രണ്ടുദിവസം മുമ്പ് രശ്മി ആദ്യലേഖനം നല്‍കി. ഇന്ന് രാവിലെയാണ് ഇത് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഉച്ചയോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ലേഖനത്തിനെതിരെ വ്യാപകമായി തെറിവിളിയുണ്ടായെന്നും വലിയ വിവാദത്തിലേക്കു പോവുന്നതിനാല്‍ ലേഖനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഏഷ്യാനെറ്റ് അധികൃതര്‍ അറിയിച്ചുവെന്ന് രശ്മി പറഞ്ഞു. ഏഷ്യാനെറ്റിന്റെ മാനേജ്‌മെന്റ് തലത്തില്‍ നിന്ന് ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായെന്ന് ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞതായും രശ്മി അറിയിച്ചു. എന്നാല്‍ ഏഷ്യാനെറ്റിന്റെ സംഘപരിവാര്‍ അജണ്ടയാണ് തന്റെ ലേഖനം പിന്‍വലിച്ചതിനു പിന്നിലെന്നാണ് രശ്മിയുടെ നിലപാട്. ഏഷ്യാനെറ്റ് രാഷ്ട്രീയം കളിക്കുകയാണെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും രശ്മി പറഞ്ഞു. വിവാദമായതിനാലാണ് ലേഖനം പിന്‍വലിച്ചതെന്ന് താന്‍ കരുതുന്നില്ലെന്നും രശ്മി വ്യക്തമാക്കി.