
തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കടല്‍ക്ഷോഭം മൂലം കടലില്‍ പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്‍റെയും ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കടലില്‍ പോയവര്‍ മടങ്ങിവരണമെന്നും ആവശ്യപ്പെട്ടിരിക്കുന്നതിന്‍റെയും അടിസ്ഥാനത്തിലാണ് സൗജന്യ റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

അതേപോലെ, ചീമേനി ജയിലിലുള്ള നാല് തടവുകാരെ മോചിപ്പിക്കാനുള്ള ശിപാര്‍ശയ്ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 14 വര്‍ഷം തടവ് പിന്നിട്ട 70 വയസ്സ് കഴിഞ്ഞ തടവുകാരെയാണ് മോചിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കാനാണ് തീരുമാനം.
ജീവനക്കാരനും ആശ്രിതരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. സാധാരണ രോഗങ്ങള്‍ക്ക് ഒരാള്‍ക്കു രണ്ട് ലക്ഷം രൂപവരെ ലഭിക്കും. ഹൃദയം, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വരെയാണ് ലഭിക്കുക. അവയവം മാറ്റിവയ്ക്കലിനും മറ്റും സഹായിക്കുന്നതിനു ധന സെക്രട്ടറിയുടെ നേതൃത്വത്തില്‍ 25 കോടിയുടെ പ്രത്യേക നിധി ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.
