ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി; സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിൽ; സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യം: ജസ്റ്റിസ് ചെലമേശ്വർ

  • Post category:news
  • Reading time:2 mins read
You are currently viewing ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി; സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിൽ; സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യം: ജസ്റ്റിസ് ചെലമേശ്വർ

ന്യൂഡല്‍ഹി : ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിനെതിരെ സുപ്രീംകോടതിയില്‍ പ്രതിഷേധം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് സുപ്രീം കോതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനത്തില്‍ ജസ്റ്റീസ് ചെലമേശ്വര്‍ അടക്കമുള്ളവര്‍ കടുത്ത അതൃപ്തിയുള്ളവരാണ്. രാജ്യ താല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ട്. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാതിപത്യത്തില്‍ അത്യാവശ്യമാണ്. സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുതാര്യതയില്ലെങ്കില്‍ ജനാതിപത്യം തകരും. നീതിന്യായ വ്യവസ്ഥയുടെ മഹത്വമുയര്‍ത്താനാണ് തങ്ങളുടെ പ്രതിഷേധം. തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ചരിത്രം പറയാതിരിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ പറഞ്ഞു. വിയോജിപ്പുകള്‍ അറിയിച്ച് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കും. രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ പ്രതികരിച്ചു. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ കൊളീജിയത്തിലെ ഭൂരിപക്ഷം. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരാണ് കോടതി വിട്ടിറങ്ങിയത്. ഉത്തര്‍പ്രദേശിലെ ഒരു മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ ദീപക് മിശ്ര ഇടപെട്ട് കോഴ വാങ്ങി എന്ന ആരോപണമാണ് കോടതിയി ലെ ഭിന്നത പുറത്തുകൊണ്ടുവന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി മിശ്ര ഉള്‍പ്പെട്ട ബെഞ്ച് തള്ളിയിരുന്നു. പിന്നീട് ദുഷ്യന്ത് ദവെ നല്‍കിയ ഹര്‍ജി ജസ്റ്റീസ് ചെലമേശ്വര്‍ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ മിശ്ര ഇടപെട്ട് ഭരണഘടനാ ബെഞ്ച് വിളിച്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. ഏത് ബെഞ്ച് ഏത് കേസ് കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റീസ് ആണ് തീരുമാനിക്കേണ്ടതെന്നും ജസ്റ്റീസ് ചെലമേശ്വര്‍ തന്റെ അധികാര പരിധി മറികടന്നുവെന്നുമായിരുന്നു വിശദീകരണം. ഹര്‍ജി മറ്റൊരു ബെഞ്ചിനു വിട്ടുവെങ്കിലും തള്ളുകയായിരുന്നു. കോടതിയിലെ അഴിമതികളെ കുറിച്ച് വിളിച്ചുപറഞ്ഞ ജസ്റ്റീസ് കര്‍ണനെ ആറു മാസം കോടതിയലക്ഷ്യത്തിന് ജയിലില്‍ അടച്ചിരുന്നു. ഇത് കോടതിയില്‍ മറ്റൊരു തര്‍ക്കത്തിന് ഇടയാക്കിയിരുന്നു ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ഇന്നലെ എടുത്ത തീരുമാനവും കടുത്ത തീരുമാനത്തിലേക്ക് കടക്കാന്‍ ജഡ്ജിമാരെ പ്രേരിപ്പിച്ചു എന്നു വേണം കരുതാന്‍.

0Shares