ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ആക്രമിച്ചതായി 22 ജഡ്ജിമാര്‍ക്ക് മുമ്പില്‍ മുന്‍ ജീവനക്കാരിയുടെ സത്യവാങ്മൂലം; പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ആരോപണവുമായെത്തിയതെന്ന് ചീഫ് ജസ്റ്റിസ്

  • Post category:news
  • Reading time:1 min read
You are currently viewing ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ആക്രമിച്ചതായി 22 ജഡ്ജിമാര്‍ക്ക് മുമ്പില്‍ മുന്‍ ജീവനക്കാരിയുടെ സത്യവാങ്മൂലം; പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ആരോപണവുമായെത്തിയതെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണവുമായി സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി. ഈ മാസം 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് പരാതി നല്‍കിയത്.

2018 ഒക്ടോബര്‍ മാസം 10ന് രഞ്ജന്‍ ഗോഗോയ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അവിടെ ഏതുതരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിട്ടുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ജനറല്‍ അറിയിച്ചത്. ‘സുപ്രീം കോടതിയെ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചില കുത്സിതശക്തികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. ‘ എന്നാണ് സെക്രട്ടറി ജനറല്‍ പുറത്തുവിട്ട ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്. തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. പണം കൊണ്ട് തന്നെ സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തെ സേവനത്തിന്‍റെ ഫലമാണോ ഇത്? കറകളഞ്ഞ ജഡ്ജിയായിരിക്കുകയെന്നത് ഈ കാലഘട്ടത്തില്‍ വലിയ വെല്ലുവിളിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാത്രമല്ല, ഈ വിഷയത്തിന്‍റെ പേരില്‍ രാജിവെക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാതമില്ലാതെ നിര്‍ഭയം പദവിയില്‍ തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കേവലം ഒരു ജൂനിയര്‍ അസിസ്റ്റന്റ് മാത്രമായിരിക്കില്ല ഇതിനു പിന്നില്‍. കൂടുതല്‍ പേരുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ രണ്ട് ക്രിമിനല്‍ കേസുണ്ടെന്നും രഞ്ജന്‍ ഗോഗോയ് പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സ്വീകരിച്ചത്. ഇത് ബ്ലാക്ക്‌മെയില്‍ തന്ത്രമാണോയെന്ന് സംശയമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

0Shares