
ജയ്‌സന്‍ സി. കൂപ്പര്‍
ബ്രെഹ്ത് എഴുതിയതുപോലെ “ചിരിക്കുന്നവൻ പേടിപ്പെടുത്തുന്ന വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളു”
ജീവിതാന്ത്യം വരെ മർദ്ദിത ജനതയുടെ മോചനം മാത്രം സ്വപ്നം കണ്ട ലെനിൻ അർഹിച്ചത് ഇതല്ല, ചൂഷിതരാൽ ബഹിഷ്കൃതനാകുന്നത് മോശം കാര്യമല്ലെങ്കിലും, പ്രത്യേകിച്ച് അവർക്ക് മേൽ നേടിയ വിജയമായിരുന്നു ആ ജീവിതം എന്നിരിക്കെ… തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനമായിരുന്ന പ്രിയ സഹോദരൻ സാഷ മൂലധനം വായിക്കുമ്പോൾ ലെനിൻ തുർഗനേവിന്റെ നോവൽ വീണ്ടും വീണ്ടും വായിക്കുകയായിരുന്നു. കവിതയിലും നോവലുകളിലും കൂടുതൽ മുഴുകാൻ ആഗ്രഹിച്ച ലെനിന് പക്ഷെ കാലത്തിന്റെ വിളി കേൾക്കാതിരിക്കാനാകുമായിരുന്നില്ല. ജനമർദ്ദകനായ സാർ ചക്രവർത്തിയാൽ തന്റെ സഹോദരൻ കൊല്ലപ്പെടുമ്പോൾ റഷ്യയിലെ മാത്രമല്ല നിന്ദിതരും പീഡിതരുമായ മുഴുവൻ മനുഷ്യരുടെയും മോചനമെന്ന സ്വപ്നം അദ്ദേഹത്തിൽ തീവ്രമായിരുന്നു.

വിപ്ലവത്തിന് തൊട്ടു മുമ്പ് 60 ദിവസങ്ങൾ കൊണ്ട് ‘ഭരണകൂടവും വിപ്ലവവും ‘ എഴുതുമ്പോൾ ലെനിൻ ഉപയോഗിക്കുന്നത് 60 ഒളിത്താവളങ്ങളാണ്. തന്റെ രാജ്യത്തെ ഏറ്റവും ദരിദ്രരായ മനുഷ്യർക്ക് ഭൂമി ഉറപ്പാക്കുന്ന Decree on Land തയ്യാറാക്കുമ്പോൾ ലെനിൻ എത്രമാത്രം വികാരഭരിതനായിരുന്നുവെന്ന് ക്രുപ്സ്കായ ഓർമിക്കുന്നുണ്ട്. തന്റെ അവസാനകാലത്ത് റഷ്യയ്ക്ക് വഴിതെറ്റുകയാണോ എന്ന് ലെനിൻ അസ്വസ്ഥനായിരുന്നുവെന്ന് പുതിയ ആർക്കൈവൽ രേഖകൾ പറയുന്നു. ജീവിതാന്ത്യം വരെ മർദ്ദിത ജനതയുടെ മോചനം മാത്രമായിരുന്നു ലെനിന്റെ സ്വപ്നം
ഇന്നിപ്പോൾ ഹിന്ദു ഫാസിസ്റ്റുകൾ, ആരുടെ മോചനമാണോ ലെനിൻ സ്വപ്നം കണ്ടത് അവരെ മുൻനിർത്തി അദ്ദേഹത്തെ ഇപ്രകാരം അപമാനിക്കുമ്പോൾ, ‘ബോലോ ഭാരത് മാതാ കീ ജയ് വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ പ്രതിമ നിലംപതിക്കുമ്പോൾ ചരിത്രത്തിൽ ലെനിൻ നേരിട്ട ആദ്യത്തെ വെല്ലുവിളി അല്ല ഇതെന്ന് നമ്മൾ അറിയുന്നു. തീർച്ചയായും മാർക്സിന്റെയും ലെനിന്റെയുമെല്ലാം സ്വപ്നങ്ങളെ ഒറ്റുകൊടുത്തവർക്ക് ഇതിലെല്ലാം പങ്കുണ്ട്. റഷ്യയിൽ, ത്രിപുരയിൽ ഒക്കെ തന്നെ ജനമർദ്ദകർക്ക് ജനങ്ങളെത്തന്നെ മുൻനിർത്തി ഇപ്രകാരം ചെയ്യാൻ അവസരമുണ്ടാക്കിയവർ ഇതിലെ പ്രധാന പ്രതികൾ തന്നെയാണ്. അവരെ ന്യായീകരിക്കാൻ ആർക്കും കഴിയില്ല. എങ്കിലും ത്രിപുരയിലും ലെനിൻ തിരിച്ചു വരും… അദ്ദേഹത്തിന്റെ പാത വീണ്ടെടുക്കാൻ തയ്യാറായവർ വരുമ്പോൾ…. അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ വഞ്ചിക്കാത്തവർ വരുമ്പോൾ…ബ്രെഹ്ത് എഴുതിയതുപോലെ “ചിരിക്കുന്നവൻ പേടിപ്പെടുത്തുന്ന വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളു”
