ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. അനധികൃത സ്വത്ത് സംമ്പാദനക്കേസിലെ സുപ്രീം കോടതി വിധി വരാനിരിക്കുന്നതാണ് സത്യപ്രതിജ്ഞയ്ക്ക് വിലങ്ങ് തടിയായത്. തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു അന്റോര്‍ണി ജനറലുമായി നടത്തിയ ചര്‍ച്ചയിലാണ് സ്വത്തു കേസില്‍ സുപ്രീം കോടതി വിധി വന്നതിനു ശേഷം സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. അതോടെ ഇന്ന് മദ്രാസ് സര്‍വകലാശാല ശതാബ്ദി ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി വച്ചു. ഇനി സത്യപ്രതിജ്ഞ ഒരാഴ്ച്ച കൂടി നീട്ടിവയ്ക്കുമെന്നാണ് സൂചന.

അതേ സമയം ശശികലയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് അണ്ണാ ഡി.എം.കെ നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല. സ്വത്തു കേസില്‍ ജയലളിതയെയും ശശികലയെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജയലളിതയുടെ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ നടന്ന മദ്രാസ് സര്‍വകലാശാല ശതാബ്ദി ഓഡിറ്റോറിയം തന്നെയാണ് ശശികലയുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താന്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഗവര്‍ണര്‍ സമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ശശികലയുടെ സ്ഥാനാരോഹണം വൈകുകയാണ്.