
നിരപരാധിയായ വ്യക്തിയെ ഗുണ്ടെയന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യറാകാത്ത സാഹചര്യത്തിൽ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അസോസിയേഷൻ (എന്‍.ബി.എസ്.എ) മുന്നറിയിപ്പ് നല്‍കിയതായി ജന്‍താകാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചര്‍ച്ചയിലാണ് നിരപരാധിയെ മോശമായി ചിത്രീകരിച്ചത്. കഴിഞ്ഞ വര്‍ഷം അര്‍ണബ് നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിയില്‍ പങ്കെടുത്ത പരാതിക്കാരന്‍റെ മുഖം കുറ്റവാളിയെ പോലെ വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും, ഉപദ്രവാകരിയെന്നും, മറ്റും വിശേഷിപ്പിച്ചതാണ് പരാതിക്ക് ആധാരം.

ഇതേതുടര്‍ന്ന്, തന്നെ അപമാനിച്ചതില്‍ റിപ്പബ്ലിക് ടി.വിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ എന്‍.ബി.എസ്.എയെ സമീപിച്ചിരുന്നു. ഇവരുടെ പരാതി സ്വീകരിച്ച് എന്‍.ബി.എസ്.എ റിപ്പബ്ലിക് ടി.വിയോട് സെപ്തംബര്‍ 7മുതല്‍ 14 വരെ ചാനലില്‍ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സമിതിയുടെ നിര്‍ദേശത്തെ മറികടന്ന് റിപ്പബ്ലിക് ടി.വി പുനപരിശോധനാ ഹര്‍ജി നല്‍കുകയും ചെയ്തു. പുനപരിശോധനാ ഹര്‍ജി സമിതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പുതിയ ഭീഷണിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ റിപ്പോര്‍ട്ടറെ റാലിയില്‍ പങ്കെടുത്തവര്‍ ഉപദ്രവിച്ചു എന്നാണ് ഇതിന് റിപബ്ലിക്ക് ടി.വി നല്‍കിയ വിശദീകരണം. മാത്രമല്ല, തനിക്ക് എന്‍.ബി.എസ്.എയില്‍ നിന്നും ഇതെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് അര്‍ണാബും വ്യക്തമാക്കി.
സംഭവത്തില്‍ റിപ്പബ്ലിക് ടി.വി അടച്ചു പൂട്ടാനും ചാനലിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യാനും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് എന്‍.ബി.എസ്.എ ആവശ്യപ്പെടുമെന്നും ജന്‍താകാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ തനിക്ക് എന്‍.ബി.എസ്.എയില്‍ നിന്നും ഇതെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് തന്‍റെ ബിസിനസ് പങ്കാളി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള വെബ്‌സെറ്റായ മൈനാഷനോട് അര്‍ണാബ് പറഞ്ഞു.
