
തിരുവനന്തപുരം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. രാജിക്ക് എന്‍.സി.പി ദേശീയ നേതൃത്വം അനുമതി നല്‍കിയതോടെയാണ് ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ഭരണ തലത്തിലെ പിരിമുറുക്കങ്ങള്‍ക്ക് അയവുണ്ടായത്. തോമസ് ചാണ്ടിയുടെ രാജിക്കത്ത് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ ആണ് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. രാജിക്കത്ത് തയ്യാറാക്കി മന്ത്രി എല്പ്പിച്ചശേഷം ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്നു.

മന്ത്രി സഭാ സമ്മേളനത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തതിനാല്‍ സി.പി.ഐ മന്ത്രിമാര്‍ വിട്ടു നിന്നതോടെ സ്ഥിതി സ്‌ഫോടനാത്മകമായി.പിന്നീട് തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്‍സിപി ദേശീയ നേതൃത്വവുമായി ആലോചിച്ച് പത്തരയ്ക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി മുന്‍പ് അറിയിച്ചു.
തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടെന്ന പാര്‍ട്ടി തീരുമാനമനുസരിച്ചാണ് സിപിഐ മന്ത്രിമാര്‍ യോഗത്തിനെത്തതിരുന്നത്. ഇക്കാര്യം നിയസഭാ കക്ഷി നേതാവ് ഇ. ചന്ദ്രശേഖരന്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പുവരുത്തേണ്ടതുകൊണ്ടാണ് തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ചത്.
കേള്‍വിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാകില്ല. തോമസ് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മണിക്കൂറിന് ശേഷം തീരുമാനമറിയിക്കുമെന്ന് ചാണ്ടിയും വ്യക്തമാക്കി.
