ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ സുകുമേനോന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. തിലകന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ‘കളഭമഴ’ യായിരുന്നു അവസാന ചിത്രം. സിദ്ധിഖ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ‘അച്ഛന്‍ തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. നമ്മുടെ നാട് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
1975 ല്‍ തൃശൂര്‍ ആകാശവാണിയില്‍ നിന്നും രാജി വെച്ചാണ് സുകുമേനോന്‍ ചെന്നൈയെത്തിയത്. ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയായ സുകു മേനോന്‍, വേണുവിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങളുടേയും തൃശൂര്‍ പൂരത്തിന്റേയും ടെലിവിഷന്‍ കമന്റെറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം ചെന്നൈയില്‍ നടക്കും.
ചലച്ചിത്ര സംവിധായകന്‍ സുകുമേനോൻ്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും