തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിന് എതിരെ അലന്‍സിയറിയന്റെ പ്രതിഷേധം. വേദിയില്‍ മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. ലാല്‍ പറയുന്നത് കള്ളമാണെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു അലന്‍സിയറുടെ തോക്ക് പ്രതിഷേധം. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി കാണികളില്‍ ആശ്ചര്യമുളവാക്കി. പുരസ്‌കാര പ്രഖ്യാപന വേളയില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ച അലന്‍സിയര്‍ അതിനെ വിമര്‍ശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അതേസമയം തന്റെ പ്രവൃത്തിയില്‍ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കടുപ്പിക്കാന്‍ സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനായിരുന്നു ശ്രമം. എന്നാല്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം. സംഭവം മുഖ്യമന്ത്രി കണ്ടെങ്കിലും അതിന്റെ ഗൗരവം കുറയ്ക്കാനായി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പ്രസംഗപീഠത്തിന് മുന്നിലെത്തി മോഹന്‍ലാലിന് നേരെ കൈതോക്ക് ചൂണ്ടി അലന്‍സിയറുടെ പ്രതിഷേധം