മസ്‌കത്ത്: രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നടത്തിപ്പ്, അറ്റകുറ്റപ്പണി ചുമതലകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ നിസ്വ കോട്ടയുടെ ചുമതലയാണ് സ്വകാര്യ സ്ഥാപനത്തിന് കൈമാറുകയെന്ന് ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രീസി ഒമാന്‍ പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ ‘തന്‍ഫീദി’ ന്റെ ഭാഗമായി നടന്ന ലാബുകളിലാണ് കോട്ടകളുടെയും കൊട്ടാരങ്ങളുടെയും ചുമതലകള്‍ സ്വകാര്യ മേഖലക്ക് കൈമാറാന്‍ നിര്‍ദേശമുയര്‍ന്നത്.

ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘തന്‍ഫീദിലൂടെ ഈ നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. കോട്ടകളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണിക്കും പുറമെ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും സ്വകാര്യ മേഖലക്ക് കൈവന്ന അവസരമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. നിസ്വക്ക് പിന്നാലെ മറ്റു ചില ചരിത്രസ്മാരകങ്ങളും സ്വകാര്യ മേഖലക്ക് കൈമാറും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുകയാണ്. ബിദ്ബിദ് കൊട്ടാരത്തിന്റെ നടത്തിപ്പിന് സംയുക്ത ഓഹരിയുടമസ്ഥതയിലുള്ള കമ്പനിക്ക് മന്ത്രാലയം രൂപം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.