തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ലക്ഷങ്ങള്‍ അണിനിരന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താരങ്ങളും സാംസ്‌കാരിക പ്രമുഖകരും മതിലില്‍ കണ്ണിചേര്‍ന്നു.
വൈകിട്ട് 4 മണി മുതല്‍ 4.15 വരെ നാലിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ത്തത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ത്തത്.
കാസര്‍കോട്ടു മന്ത്രി കെ.കെ ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു. വനിതാ മതില്‍ തീര്‍ത്തതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെആര്‍ ഗൗരിയമ്മ ആലപ്പുഴയിലും ആദിവാസി നേതാവ് സികെ ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ അജിതയും പിവല്‍സലയും റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ കോഴിക്കോട്ടും അണിനിരന്നു. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ, സയനോര എന്നിവര്‍ കണ്ണൂരില്‍ കണ്ണിയായി.
മലപ്പുറത്ത് നിലമ്പൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയവര്‍ മതിലില്‍ അണിനിരന്നു. തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്‌സിങ് ചാമ്പ്യന്‍ കെ സി ലേഖ, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ അണിനിരന്നു.

ചരിത്രം രചിച്ച് വനിതാ മതില്‍; സര്‍ക്കാര്‍ പരിപാടിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍