ഗൗരി ലങ്കേഷിന്‍റെ കൊലപാതകം: അക്രമികളെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്ന് കുമ്മനം, കേസ് അന്വേഷണം ഇന്റലിജൻസ് ഐ. ജിയുടെ കീഴിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഗൗരി ലങ്കേഷിന്‍റെ കൊലപാതകം: അക്രമികളെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്ന് കുമ്മനം, കേസ്  അന്വേഷണം ഇന്റലിജൻസ് ഐ. ജിയുടെ കീഴിൽ

തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണം. അതിന് കർണ്ണാടകം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് കഴിവില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കുമ്മനം വിമർശിച്ചു. അതേസമയം, മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധം ഇന്റലിജൻസ് ഐജി, ബി.കെ. സിങ്ങിന്റെ നേതൃത്വത്തിൽ അന്വേഷിക്കും എന്ന് കർണാടക സർക്കാർ അറിയിച്ചു. ബി.കെ. സിങ് നേതൃത്വം നൽകുന്ന സംഘത്തിൽ ബെംഗളൂരു ഡിസിപി അനുച്ഛേത് അടക്കം 19 ഉദ്യോഗസ്ഥരാണുള്ളത്. അയൽവാസികളിൽനിന്നു പരമാവധി വിവരങ്ങൾ ശേഖരിക്കും. പ്രതികൾ മുൻപും വീടിനു സമീപം വന്നിട്ടുണ്ടാകാം എന്ന നിഗമനത്തിലാണു അന്വേഷണ സംഘം.

സംഭവത്തിനു പിന്നിൽ സംഘപരിവാർ പ്രവര്‍ത്തകരാണെന്ന പ്രതിപക്ഷ നേതാവിന്‍റെയും സി. പി. എം സംസ്ഥാന സെക്രട്ടറിയുടേയും പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നും കുമ്മനം ചോദിച്ചു. കർണാടക ആഭ്യന്തരമന്ത്രിക്കും സർക്കാരിനും കിട്ടാത്ത എന്തു വിവരമാണ് ഇവർക്കു രണ്ടു പേർക്കും കിട്ടിയതെന്ന് വിശദീകരിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണ സമയത്തെങ്കിലും ഒഴിവാക്കണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു.

കർണാടക സർക്കാരിന്റെ നക്സൽ പാനലിൽ അംഗമായിരുന്നു ഗൗരി ലങ്കേഷ്. നക്സലറ്റുകൾക്ക് ആയുധം വച്ച് കീഴടങ്ങി മുഖ്യധാരാ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സർക്കാർ നിയോഗിച്ച സമിതിയാണ് നക്സൽ പാനൽ. രണ്ടു മാസം മുൻപു ചിക്കമംഗളുരുവിൽ നക്സലറ്റുകളായ കന്യാകുമാരി, ഭർത്താവ് ശിവു, സുഹൃത്ത് ചെന്നമ്മ എന്നിവർ കീഴടങ്ങുന്നതിൽ മാധ്യസ്ഥം വഹിച്ചതു ഗൗരി ലങ്കേഷ് ആയിരുന്നു. ഇത് എന്തെങ്കിലും തരത്തിൽ വിരോധത്തിനു കാരണമായോ എന്നും അന്വേഷണം നടത്തും.

0Shares