ഗൗരി ലങ്കേഷിന്റെ കൊലപാതകം: കേസന്വേഷണത്തിന് കര്‍ണാടക പൊലീസിലെ പ്രത്യേക സംഘം

  • Post category:news
  • Reading time:1 min read
You are currently viewing ഗൗരി ലങ്കേഷിന്റെ കൊലപാതകം:  കേസന്വേഷണത്തിന് കര്‍ണാടക പൊലീസിലെ പ്രത്യേക സംഘം

ബംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം കര്‍ണാടക പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ കല്‍ബുര്‍ഗ്ഗി വധവുമായി ബന്ധിപ്പിക്കാനുളള തെളിവുകള്‍ ഇപ്പോഴില്ലെന്നും സിദ്ധരാമല്ല പറഞ്ഞു. അതേസമയം, ഗൗരി ലങ്കേഷിന്റെ വീടിനു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിധഗ്ധ പരിശോധനയ്ക്കയച്ചു. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് സഹോദരന്‍ ഇന്ദ്രജീത് ലങ്കേഷ് ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു രാജ രാജേശ്വരി നഗറിലെ വീട്ടില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗൗരി ലങ്കേഷ് പത്രിക എന്ന സ്വന്തം വാരികയുടെ ഓഫീസില്‍ നിന്നും രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോള്‍ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍.ആര്‍ നഗറഫില്‍ ഗൗലി ലങ്കേഷിന്റെ വീടിനു സമീപത്തുനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പൊലീസ് നിഗമനം. വീടിനു മുന്നിലും വാതിലിലും സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍നിന്നുളള ദൃശ്യങ്ങള്‍ പരിശോധനയ്ക്കയച്ചു. അക്രമിയെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഹെല്‍മറ്റ് ധരിച്ചെത്തി ഇയാള്‍ ആരെന്ന് വെളിച്ചം കുറവായാതിനാല്‍ വ്യക്തമായിട്ടില്ല.  രണ്ടു ബൈക്കുകളുടെ ശബ്ദം കേട്ടെന്നാണ് പരിസരവാസികള്‍ നല്‍കിയ മൊഴി. ഗൗരി ലങ്കേഷിനെതിരെ പോസ്റ്റിട്ട ഒരാളെ ചിക്മാംഗളൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളികളെ ഉടന്‍ പിടികൂടുമെന്നും എന്നാല്‍ കല്‍ബുര്‍ഗി വധവുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഇപ്പോഴില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഗൗരി ലങ്കേഷിന്റെ മൃതദേഹം രബീന്ദ്ര കലാക്ഷേത്രയില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകീട്ടോടെ സംസ്‌കരിക്കും.

0Shares