ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിക്കുന്ന ഗോ സംരക്ഷണ ബില്‍ ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഗോക്കളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘ഗോ സംരക്ഷണ ബില്‍ 2017’ എന്ന പേരിലുള്ള ബില്ലാണ് സുബ്രഹ്മണ്യം സ്വാമി അവതരിപ്പിച്ചിരിക്കുന്നത്. പശുവിനെക്കൊല്ലുന്നവര്‍ക്ക് വധശിക്ഷ എന്നതിന് പുറമേ പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും സ്വാമി സഭയില്‍ പറഞ്ഞു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 37, 48 ന്റെ പരിരക്ഷ ഉറപ്പുവരുത്തണം. ഇതിനായി അനിമല്‍ ഹസ്ബന്ററി സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കണം പശു സംരക്ഷണത്തിനുള്ള പ്രത്യേക വിഭാഗം രൂപീകരിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകണം കമ്മിറ്റിയെന്നും സ്വാമി അവതരിപ്പിച്ച ബില്ലില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കുന്നതിനുള്ള പ്രത്യേക അനുവാദം സമിതിക്ക് നല്‍കണമെന്നും പശുസംരക്ഷണവും അതിന്റെ ആവശ്യകതയും പഠിപ്പിക്കുന്നതിന് ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.