
പനാജി: ഗോവയുടെ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസായിരുന്നു. പാന്‍ക്രിയാസിലുള്ള അര്‍ബുദ ബാധയെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ആരോഗ്യ നില ഏറെ വഷളായിരുന്നു. പനാജിയിലുള്ള മകന്റെ വസതിയിലായിരുന്നു അന്ത്യം.
പാൻക്രിയാസിൽ ബാധിച്ച അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലും പിന്നീട് ഡൽഹി എയിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അതിനിടയില്‍, കഴിഞ്ഞ ഡിസംബറിൽ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം രോഗത്തോട് മല്ലിടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ജനുവരി 30 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. ആ അവസരത്തില്‍ അവസാന ശ്വാസം വരെ ഗോവക്ക് വേണ്ടി സേവനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

1955 ഡിസംബറില്‍ ഗോവയിലെ മാപുസയില്‍ ജനനം. ആര്.എസ്.എസിലൂടെ ആദ്യമായി പൊതുരംഗത്തെത്തി. മുംബൈയിലെ ഐ.ഐ.ടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ മനോഹര്‍ പരീക്കര്‍ പിന്നീട് ബി.ജെ.പിയിലൂടെ 1994-ല്‍ നിയമസഭയിലെത്തി. 2000ത്തില്‍ ബി.ജെ.പി ആദ്യമായി ഗോവയില്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രിയായി. 2002 ഫെബ്രുവരിയില്‍ ആ നിയസഭ പിരിച്ചുവിട്ടെങ്കിലും തുടര്‍ന്ന് നിലവില്‍ വന്ന കൂട്ടുകക്ഷി മന്ത്രിസഭയേയും അദ്ദേഹം നയിച്ചു. 2005-ല്‍ ഭരണം നഷ്ടപ്പെട്ടു. 2012-ല്‍ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത് മടങ്ങിയെത്തി.
2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. 2017 മാര്‍ച്ച് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ന്ന് 2017 ല്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം പനജിയില്‍ മത്സരിച്ച് വീണ്ടും ഗോവയുടെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
