മുംബൈ: വ്യത്യസ്ത പരസ്യങ്ങളിലൂടെ ജനങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന വോഡഫോണ്‍ പരസ്യങ്ങള്‍ എന്നും ഒരു തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പഗ്ഗ് എന്ന പട്ടി കുട്ടിയും,സൂസുവുമെല്ലാം പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നു. എന്നാല്‍ ഇത്തവണ സെക്ക്ന്റ് ഹണിമൂണ്‍ ആഘോഷിക്കുന്ന ‘സൂപ്പര്‍കൂള്‍ ദമ്പതിമാരായ’ ധനഞ്ജയന്‍സാണ് താരങ്ങള്‍. പ്രശസ്ത ഭരതനാട്യ നര്‍ത്തകരും, പദ്മഭൂഷന്‍ ജേതാവുമായ വിപി ധനഞ്ജയനും, ഭാര്യ ശാന്താ ധനഞ്ജയനുമാണ് ദനഞ്ജയന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദമ്പതികള്‍. വിവാഹത്തിന്റെ ആദ്യനാളുകളിലെ മധുരം നിറഞ്ഞ മധുവിധു കഴിഞ്ഞ്, കുട്ടിയും, കുടുംബവും, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഒതുങ്ങി, ശേഷം വാര്‍ധക്യത്തില്‍ ഒന്നിനും വയ്യാതെ, ആശകളെല്ലാം ആശകളായി തന്നെ നിന്ന് ഈ ലോകത്ത് നിന്ന് യാത്ര പറഞ്ഞ് പോകുന്നു. വിവാഹം കഴിഞ്ഞാല്‍ ഇത്ര അറുബോറനാണ് ജീവിതം എന്ന് ധരിച്ചിരുന്നവര്‍ക്കിടയിലേക്കാണ് മക്കളെയെല്ലാം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ശേഷം തങ്ങളുടെ വാര്‍ധക്യം ആഘോഷമാക്കാന്‍ ‘സെക്കന്‍ഡ് ഹണിമൂണിന്’ ഗോവയില്‍ എത്തിയ ദമ്പതികളുടെ കഥപറഞ്ഞ്, വോഡഫോണ്‍ പരസ്യചിത്രം പുറത്തിറക്കുന്നത്.

പരസ്യചിത്രം ഹിറ്റായതോടെ ഈ ‘ സൂപ്പര്‍ കൂള്‍ ദമ്പതിമാരും’ സൂപ്പര്‍ഹിറ്റ്. ഗോവയില്‍ എത്തിയ ശേഷം അവിടെ ബീച്ചില്‍ ആര്‍ത്തുല്ലസിക്കുന്നതും, ‘ടെക്ക് സാവി’യായ ദമ്പതികള്‍ ഫോണിലൂടെ അങ്ങേതലയ്ക്കലുള്ള മകള്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതുമെല്ലാം ജനങ്ങള്‍ കൗതുകത്തോടെ നോക്കിക്കണ്ടു. പരസ്യചിത്രത്തില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇങ്ങനെയാണ് ഈ ദമ്പതികള്‍. കണ്ടുമുട്ടിയ നാള്‍ മുതല്‍ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുകയും, യാത്രകള്‍ പോവുകയും ചെയ്യുമായിരുന്നു ഇവര്‍. 1966 ലാണ് ഇരുവരും വിവാഹിതരായത്. പയ്യന്നൂരിലാണ് വിപി ധനഞ്ജയനും ജനിക്കുന്നത്.കണ്ണൂരിലെ പയ്യന്നൂരിലെ പൊതുവാള്‍ കുടുംബത്തില്‍. 1939 ഏപ്രില്‍ 17 നായിരുന്നു ജനനം. ചെറുപ്പം മുതലേ നൃത്തത്തോട് താല്‍പര്യമുള്ളയാളായിരുന്നു ധനഞ്ജയന്‍. കലാക്ഷേത്രയിലെ കഥകളിയാചാര്യന്‍ ചന്ദു പണിക്കരമായുള്ള കൂടിക്കാഴ്ച്ചയാണ് ധനഞ്ജയന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അങ്ങനെ 1953 ഒക്ടോബര്‍ 5 ന് ധനഞ്ജയന്‍ കലാക്ഷേത്രയില്‍ ചേര്‍ന്നു. കലാക്ഷേത്രയുടെ സ്ഥാപക രുഗ്മിണി ദേവിയുടെ കീഴിലായിരുന്നു ധനഞ്ജയന്‍. 1955 മുതല്‍ 67 വരെയുള്ള കാലഘട്ടങ്ങളില്‍ കലാക്ഷേത്രയിലെ ലീഡ് ഡാന്‍സറായിരുന്നു ധനഞ്ജയന്‍. അക്കാലഘട്ടത്തില്‍ തന്നെയാണ് ശാന്തയും കലാക്ഷേത്രയിലെ ലീഡ് ഡാന്‍സറാകുന്നത്.
1943 ആഗസ്റ്റ് 12 നാണ് ശാന്ത ജനിക്കുന്നത്. മലേഷ്യയിലെ ഒരു മലയാളി നായര്‍ കുടുംബത്തിലാണ് ശാന്തയുടെ ജനനം. ചെറുപ്പം മുതലേ നൃത്തത്തോട് അഭിനിവേശമുള്ള ശാന്തയെ വീട്ടുകാര്‍ നൃത്തം അഭ്യസിക്കാന്‍ കലാക്ഷേത്രയിലേക്ക് അയച്ചു. 1952 ല്‍ തന്റെ എട്ടാം വയസ്സിലാണ് ശാന്ത കലാക്ഷേത്രയില്‍ എത്തുന്നത്. കലാക്ഷേത്രയില്‍വെച്ച് ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ തന്നെ ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായിരുന്നു. 12 ആം വയസ്സില്‍ തന്നെ ധനഞ്ജയനെ വിവാഹം കഴിക്കണമെന്ന് ശാന്ത ഉള്ളില്‍ ഉറപ്പിച്ചിരുന്നു. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ധനഞ്ജയന്‍ ശാന്തയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ശാന്തയ്ക്ക് അന്ന് 18 വയസ്സ്. അന്ന് ഉത്തരം ഒന്നും പറയാതെ ശാന്ത മലേഷ്യയിലേക്ക് തിരികെ പോയി. ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് ശാന്ത വിവാഹത്തിന് സമ്മതം അറിയിക്കുന്നു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട് നിന്ന് പ്രണയം 1966 ല്‍ വിവാഹത്തില്‍ കലാശിച്ചു. ഗുരുവായൂര്‍ അമ്പലത്തിലായിരുന്നു ഇരുവരുടെയും വിവാഹം.
https://www.youtube.com/watch?v=yohjF4M-RJY
പിന്നീട് ഇരുവരും ഒന്നിച്ച് നൃത്തം അവതരിപ്പിക്കാന്‍ തുടങ്ങി. പണ്ഡിറ്റ് രവി ശങ്കറിന്റെ ഘനശ്യാം, നാഷണല്‍ ജാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചക്ര, മാഹാഭാരതം ഡാന്‍സ് ഡ്രാമാ എന്നിങ്ങനെ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നൃത്തം അവതരിപ്പിച്ച് കയ്യടി നേടി ഈ ദമ്പതികള്‍. ഓണ്‍ സ്റ്റേജ് കെമിസ്ട്രിക്കൊപ്പം ഇവരുടെ ഓഫ് സ്റ്റേജ് കെമിസ്ട്രിയും ചര്‍ച്ചയായിരുന്നു. പിന്നീട് 2009 ലാണ് ഇരുവരെയും തേടി പദ്മഭൂഷന്‍ എത്തുന്നത്.
ഇതിന് പുറമെ, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, വേല്‍സ് സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ്, യുനെസ്‌കോയുടെ മെഡലിയന്‍ ഡീ മെറിറ്റി എന്നീ പുരസ്‌കാരങ്ങളും ഈ ദമ്പതികളെ തേടിയെത്തി. ഓട്ടോമൊബൈല്‍ ഫോട്ടോഗ്രാഫറായ സിബി സത്യജിത്തിലൂടെയാണ് വോഡഫോണ്‍ പരസ്യചിത്രത്തിലെ ബാലയും ആശയുമാവാന്‍ ഇരുവര്‍ക്കും അവസരം ലഭിക്കുന്നത്. പ്രകാശ് വര്‍മ്മയാണ് ഈ പരസ്യചിത്രത്തിന്റെ സംവിധായകന്‍. മംബൈയില്‍ നിന്നും കോസ്റ്റ്യൂം ഡിസൈനര്‍ വന്നതും, സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതുമെല്ലാം വളരെ പെട്ടെന്നായിരുന്നു.പിന്നെ ഗോവയിലേക്ക്.ജീവിതത്തില്‍ എപ്പോഴും പുതുമകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ബൈക്ക് റൈഡും, പാരാസെയ്ലിങ്ങുമെല്ലാം ആവേശത്തേടെ ചെയ്യാന്‍ കഴിഞ്ഞു. അവരുടെ പേടിയും, ആവേശവും എല്ലാം ഒട്ടും ചോരാതെ തന്നെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒപ്പിയെടുക്കാനും കഴിഞ്ഞു,വിവാഹശേഷമുള്ള ജീവിതം അറുബോറനല്ല; പരസ്പരം താങ്ങായി തണലായി നില്‍ക്കാനും, അന്ന് പൂവിട്ട പ്രണയം വാടാതെ മനസ്സില്‍ സൂക്ഷിക്കാനുമുള്ള കഴിവും നിങ്ങള്‍ക്കുണ്ടെങ്കില്‍, എന്ന് പറയാതെ പറയുകയാണ് ധനഞ്ജയന്‍സ് പരയ്ത്തിലൂടെ.
https://www.youtube.com/watch?v=p2LnZOWrcOs