ഗോരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം; നാല് ദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗോരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം; നാല് ദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

ഗോരഖ്പൂര്‍: കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായ ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. നാലുദിവസത്തിനിടെ 58 കുഞ്ഞുങ്ങളാണ് ആശുപത്രിയില്‍ മരിച്ചത്. ഒരുമാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളും മരിച്ചവരില്‍ പെടുന്നു. കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഈവര്‍ഷം ഇതുവരെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ജപ്പാന്‍ ജ്വരം (എന്‍സഫലൈറ്റിസ്) ബാധിച്ച് മരിച്ചവരുടെ എണ്ണം 1,317 ആണ്. ഹോസ്പിറ്റലിലെ കണക്കനുസരിച്ച് ജനുവരി 152, ഫെബ്രുവരി 122, മാര്‍ച്ച് 159, ഏപ്രില്‍ 123, മെയ് 139, ജൂണ്‍ 137, ജൂലൈ 128 , ഓഗസ്റ്റ് 325, സെപ്റ്റംബര്‍ 32 എന്നിങ്ങനെയാണ് ശിശുമരണ നിരക്ക്. ഓക്സിജന്‍ തീര്‍ന്നതുമൂലം ഓഗസ്റ്റില്‍ 63 കുട്ടികളാണ് ബി.ആര്‍.ഡി ആശുപത്രിയില്‍ മരിച്ചത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. മരണനിരക്കുകള്‍ കുറഞ്ഞുവെന്ന യോഗി ആദിത്യനാഥിന്റെ പ്രതികരണം തെറ്റാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടേയും മസ്തിഷ്‌കജ്വരം ബാധിച്ചവരുടേയും വാര്‍ഡുകളിലേക്കുള്ള ഓക്സിജന്‍ തീര്‍ന്നതുമൂലം ഓഗസ്റ്റില്‍ 63 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് വിവിധ പാര്‍ടികള്‍ ആരോപിച്ചിരുന്നു. രാജ്യമെമ്പാടും നിന്ന് വലിയ പ്രതിഷേധവും സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.

 

0Shares