
ഗൂഗിളിന്‍റെ വന്‍ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് പരിശോധന നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിന്‍റെ സേവനത്തില്‍ വലിയൊരു ഭാഗവും അടക്കിവാഴുന്ന ഗൂഗിളും ഫെയ്സ്ബുക്കും പോലെയുള്ള കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുളള സേവനങ്ങളെ തുടക്കത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുവാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുകയാണ് അന്വേഷണത്തിന്‍റെ ലക്ഷ്യം.
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സ്വേച്ഛാതിപത്യ പ്രവണതകള്‍ ഉണ്ടോ എന്നറിയാന്‍ നടത്തുന്ന അന്വേഷണമാണ് ആന്റിട്രസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍. ലോകത്തെ ഡിജിറ്റല്‍ പരസ്യങ്ങളുടെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് ഗൂഗിളും ഫേസ്ബുക്കുമാണ്. സേര്‍ച് എന്‍ജിന്‍, ബ്രൗസര്‍, ഓപ്പറേറ്റിങ് സിസ്റ്റം, ഇമെയില്‍, യുട്യൂബ്, തുടങ്ങി നിരവധി മേഖലകളില്‍ തങ്ങളുടേതായ ആധിപത്യമുറപ്പിച്ച സഥാപനമാണ് ഗൂഗിള്‍.

ഇത്തരത്തില്‍ ഉപയോക്താക്കളുടെ ഡേറ്റാ ശേഖരിച്ച് ഓരോരുത്തരെയും ലക്ഷ്യം വച്ച് പരസ്യങ്ങള്‍ കാണിക്കാനുള്ള കഴിവ് ഗൂഗിളിനുണ്ട്. ഇത് കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഗൂഗിള്‍ പ്രവര്‍ത്തനത്തിന്‍റെ ഏതൊക്കെ മേഖലകളാണ് ഇപ്പോഴുളള അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തുന്നതെന്ന് ഉറപ്പായിട്ടില്ല.2011ല്‍ അമേരിക്കയുടെ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്‍ ഇത്തരത്തിലൊരു അന്വേഷണം ഗൂഗിളിനെതിരെ നടത്തുകയും അന്ന് 22.5 ദശലക്ഷം ഡോളര്‍ ഗൂഗിള്‍ പിഴയടക്കുകയും ചെയ്തിരുന്നു.
ആപ്പിളിന്‍റെ സഫാരി ബ്രൗസറില്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്ന കുക്കികള്‍ നിക്ഷേപിച്ചതിന് എതിരെയായിരുന്നു ഇത്. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫേസ്ബുക്കിനെതിരെ ചില നീക്കങ്ങള്‍ നടത്തിരുന്നു.
