ഗുണ്ടകള്‍ ആക്രമിച്ചതിലും അപ്പുറമല്ലേ കിടക്ക പങ്കിടാന്‍ വിളിക്കുന്നത്?:നടി വരലക്ഷ്മി.

  • Post category:news
  • Reading time:2 mins read
You are currently viewing ഗുണ്ടകള്‍ ആക്രമിച്ചതിലും അപ്പുറമല്ലേ കിടക്ക പങ്കിടാന്‍ വിളിക്കുന്നത്?:നടി വരലക്ഷ്മി.

ചെന്നൈ: പ്രമുഖ മലയാള സിനിമാ നടിക്ക് നേരെയുണ്ടായ അക്രമത്തിനും മാനഭംഗ ശ്രമത്തിനും പിന്നാലെ അറിയപ്പെടുന്ന ഒരു തമിഴ് നടിക്കുണ്ടായ സമാനമായ ദുരനുഭവം സമൂഹ മനസ്സാക്ഷിക്ക് നേരെ വീണ്ടും കൊഞ്ഞനം കുത്തുന്നു. ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ തനിക്കുണ്ടായ കൈയ്‌പ്പേറിയ അനുഭവം വേദനാജനകവും ലജ്ജാവഹവുമായിരുന്നെന്ന് പ്രമുഖ തമിഴ് നടന്‍ ശരത് കുമാറിന്റെ മകളായ വരലക്ഷ്മിയാണ് മനസ്സ് വിങ്ങിക്കൊണ്ട് പറയുന്നത്്. മമ്മൂട്ടി നായകനായ ‘കസബ’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച വരലക്ഷ്മി അല്‍പ്പം വൈകിയാണെങ്കിലും തന്നെ മാനസികമായി തകര്‍ത്ത ആ സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. വരലക്ഷ്മി പറയുന്നത് ഇപ്രകാരം: ‘ഒരു പ്രശസ്ത ചാനലിന്റെ മേധാവി കുറേ നേരം എന്നെ അഭിമുഖം നടത്തിയിരുന്നു. അഭിമുഖം അവസാനിച്ച ശേഷം അയാളെന്നോട് ചോദിച്ചു; ‘ഇനി നമുക്കൊന്ന് പുറത്ത് വച്ച് കണ്ടുകൂടേ?’ ജോലി സംബന്ധമായ എന്തെങ്കിലും കാര്യമാണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ അതൊന്നുമല്ല എന്ന് മറുപടി പറഞ്ഞു. വേറെ കാര്യമാണ് എന്ന അര്‍ത്ഥത്തിലുള്ള മുഖ ഭാവമായിരുന്നു അപ്പോള്‍ അയാള്‍ക്ക്. പതഞ്ഞുവന്ന ദേഷ്യം നിയന്ത്രിച്ച് ഞാന്‍ അയാളോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അയാള്‍ എന്തോ പിറുപിറുത്തു കൊണ്ട് ജാള്യതയോടെ പുറത്തേക്ക് പോയി.

അയാളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ?’. ഇത്തരം അനുഭവങ്ങള്‍ പുറത്ത് പറയുമ്പോള്‍ എല്ലാവരും ചോദിയ്ക്കും, സിനിമയല്ലേ.. ഇതൊക്കെ അവിടെ സാധാരണമല്ലേ.. ഇതെല്ലാം അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നത് എന്നൊക്കെ. ഞാന്‍ ഒരു സ്ത്രീയാണ്, മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ, ഇവിടെ നിലനിന്നു പോകാന്‍ വേണ്ടി എന്നെ മറന്നു കൊണ്ടുള്ള എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ് ചെയ്യാനോ ഞാന്‍ ഒരിക്കലും തയ്യാറല്ല. കേള്‍ക്കുന്നവര്‍ക്ക് ഇതൊരു ചെറിയ വിഷയമായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ച് ഇതൊക്കെ വലിയ വിഷമം ഉണ്ടാക്കിയ വലിയ വിഷയങ്ങള്‍ തന്നെയാണ്. ഒളിഞ്ഞും തെളിഞ്ഞും അപമാനിക്കപ്പെട്ടിട്ടും അത് പുറത്ത് പറയാന്‍ ധൈര്യം കാണിക്കാത്ത എല്ലാ നിസ്സഹായരായ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ ഈ വിധം സംസാരിക്കുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ചും പുരുഷ ലോകത്തിന്റെ സംസ്‌കാര ശൂന്യമായ പെരുമാറ്റത്തെ കുറിച്ചുമൊക്കെ വരലക്ഷ്മി വേദനയും പ്രതിഷേധവും കലര്‍ന്ന സ്വരത്തില്‍ തന്റെ കുറിപ്പില്‍ വരച്ചു കാട്ടുന്നു. സ്ത്രീകള്‍ ഏകാകിനികളല്ലെന്നും ധൈര്യം അവലംബിച്ച് എല്ലാ ചുറ്റുപാടുകളെയും നേരിടേണ്ടവരാണെന്നും വരലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു.

0Shares