ഗുജറാത്ത് കലാപം: ഗുരുതര ആരോപണങ്ങൾ തള്ളി നാനാവതി കമ്മീഷൻ; മോദിക്ക് ക്ലീൻ ചീറ്റ്

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്ത് കലാപം: ഗുരുതര ആരോപണങ്ങൾ തള്ളി നാനാവതി കമ്മീഷൻ; മോദിക്ക് ക്ലീൻ ചീറ്റ്

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭക്കും ക്ലീൻ ചിറ്റ് നൽകി കേസന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍റെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ചു. 2002ലെ ഗുജറാത്ത് കലാപം ആളിക്കത്തിക്കാൻ അന്നത്തെമുഖ്യമന്ത്രിയായ നരേന്ദ്രമോദി ശ്രമിച്ചുവെന്നും കലാപം നിയന്ത്രിക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തിയില്ലെന്നുമായിരുന്നു വിമർശനം.

കലാപാത്തിൽ മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ മാത്രമായിരുന്നു പോലീസ് നടപടി ഉണ്ടായത് എന്നും കലാപം നടന്നപ്പോൾ സർക്കാർ മൗനം പാലിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഈ വാദങ്ങൾ എല്ലാം തള്ളിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അന്നത്തെ എ.ഡി.ജി.പി നൽകിയ തെളിവുകൾ സംശയാസ്പദമാണെന്നും റിപ്പോർട്ടിലുണ്ട്. കലാപകാരികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്‍റെ ആരോപണം ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അയോധ്യയില്‍ നിന്ന് പുറപ്പെട്ട കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന സബര്‍മതി എക്‌സ്പ്രസിന്‍റെ രണ്ടു കോച്ചുകള്‍ക്ക് ഗോധ്ര സ്‌റ്റേഷനില്‍ വച്ച് തീയിട്ടു. നിരവധി പേരാണ് അന്ന് അവിടെ മരിച്ചത്. ഇതെ തുടർന്നാണ് ഗോദ്രയിലും നരോദ്യ പാട്യയിലും കലാപമുണ്ടായത്. രണ്ടായിരത്തോളം ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. കൊല്ലപ്പെട്ടത് കൂടുതലും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ആയിരുന്നു. നിരവധി പേർക്ക് വീട് നഷ്ടപ്പെടുകയും ആയിരങ്ങൾ പലായനം ചെയ്യുകയും ചെയ്തു. സ്ത്രീകള്‍ വ്യാപകമായി അക്രമിക്കപ്പെടുകയും ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് പഠിക്കാന്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മുന്‍ ജസ്റ്റിസ് ജി.ടി നാനാവതി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് അക്ഷയ് മേത്തയും അംഗമായിരുന്നു.

0Shares