ഗുജറാത്തില്‍ വർഗീയ സംഘര്‍ഷം; ഒന്‍പത് പേർക്ക് പരിക്ക്; സ്ഥിതി നിയന്ത്രണവിധേയമെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്തില്‍ വർഗീയ സംഘര്‍ഷം; ഒന്‍പത് പേർക്ക് പരിക്ക്; സ്ഥിതി നിയന്ത്രണവിധേയമെന്ന് പോലീസ്

ഗുജറാത്തില്‍ അഹ്മദാബാദ് ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒന്‍പത് പേർക്ക് പരിക്ക്. ഇന്നലെയാണ് രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ജില്ലയിലെ വിരാംഗ്രാമിലെ ഭാത്തിപുരയിൽ പരസ്പരം ഏറ്റുമുട്ടിയത്. കല്ലുകളും വടികളുമായി ഇരുവിഭാഗങ്ങൾ പരസ്പരം ആക്രമിക്കുകയായിരുന്നു.വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘത്തിനു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

ഒരു മതവിഭാഗത്തിന്‍റെ ശ്മശാനത്തിന്‍റെ മതിലിൽ മറ്റേ മതവിഭാഗക്കാരായ സ്ത്രീകൾ തുണി അലക്കി ഉണക്കാനിടുന്നത് എതിർത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് അഹ്മദാബാദ് റൂറൽ എസ്പി രാജേന്ദ്ര അന്‍സാരി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ എല്ലൊടിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ചെറിയ പരിക്കുകളേയുള്ളൂ. ഇപ്പോള്‍ സ്ഥലത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പറയുന്നത്. പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപശ്രമം, കൊലപാതകശ്രമം എന്നിവയാണ് ഒന്നിലുള്ളത്. മറ്റൊന്ന് പോലീസിനെ ആക്രമിച്ചതിനാണ്.

രാജ്യത്ത് ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗുജറാത്തിൽ നിന്ന് ഈ വാർത്ത വരുന്നതെന്നത് ശ്രദ്ധേയമാണ്. സമാനമായി തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി വർഗീയ കലാപങ്ങൾ നേരത്തെയും ഗുജറാത്തിൽ നടന്നിട്ടുണ്ട്.

0Shares