ഗ്വാളിയാര്‍: ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്സെയ്ക്ക് ക്ഷേത്രം വേണ്ടെന്നും അടിയന്തിരമായി പ്രതിമ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മഹാസഭയ്ക്ക് നോട്ടീസ് അയച്ചു. ജില്ലാ ഭരണകൂടമാണ് ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി സ്വീകരിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ശിവ് രാജ് സിങ്ങ് വര്‍മ്മയാണ് ഹിന്ദു മഹാസഭയുടെ വൈസ് പ്രസിഡന്റ് ജയ വീര്‍ ഭരദ്വാജിന് നോട്ടീസ് അയച്ചത്. ‘ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാല്‍ വിഗ്രഹാരാധനയും വേണ്ടാ എന്നതാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭയോട് ജില്ലാ ഭരണകൂടം അറിയിച്ചത്. ഭോപ്പാലിലെ ഹിന്ദുമഹാസഭ ഓഫീസില്‍ സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പ്രതിമ സ്ഥാപിച്ച് പൂജ നടത്തുകയും ആരാധന നടത്തുകയും വഴി ഈ സ്ഥലത്തെ അമ്പലമാക്കി മാറ്റുകയാണ് സംഘടന ചെയ്തതെന്നും നോട്ടീസില്‍ പറയുന്നു. 2001-ലെ ക്ഷേത്ര നിര്‍മ്മാണ നിയമത്തിന്റെ ലംഘനമാണ് ഇത്. സംഭവത്തില്‍ അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പ്രതിമ നീക്കം ചെയ്യാനും നോട്ടീസില്‍ പറയുന്നു. നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മജ്സ്ട്രേറ്റ് മുന്നറിയിപ്പ് നല്‍കി.
നവംബര്‍ ഒമ്പതിന് ഗോഡ്സെയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ഭരണകൂടം പാടെ നിഷേധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഗോഡ്സെയെ തൂക്കിലേറ്റിയ നവംബര്‍ പതിനഞ്ചിന് ഭോപ്പാലിലെ ഓഫീസില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ആരാധന തുടങ്ങിയത്. അതേ സമയം, സ്വന്തം സ്ഥലത്ത് എന്തും നിര്‍മ്മിക്കാനുള്ള അവകാശം ഇന്ത്യയിലെ ഏതൊരു പൗരനും ഉണ്ട്. അതുകൊണ്ടുതന്നെ ഹിന്ദു മഹാസഭ യാതൊരു നിയമ ലംഘനവും നടത്തിയിട്ടില്ലെന്ന് ജയ് വീര്‍ ഭരദ്വാജ് പറഞ്ഞു. അതേ സമയം, ഹിന്ദു മഹാസഭയുടെ ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഇത്തരത്തില്‍ രാജ്യദ്രോഹ പരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഒരു മടിയും കൂടാതെ കേസ് എടുക്കണ മെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപീന്ദ സിംഗ് പ്രതികരിച്ചത്. മഹാത്മാ ഗാന്ധിയുടെ പാരമ്പര്യം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കരുതരുതെന്നും നിയമം ലംഘിച്ച് ഹിന്ദുമഹാസഭ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ് സെയ്ക്ക് ക്ഷേത്രം വേണ്ട; പ്രതിമ നീക്കാന്‍ ജില്ലാ ഭരണകൂടം ഹിന്ദു മഹാ സഭയ്ക്ക് നോട്ടീസ് അയച്ചു