കൊച്ചി: ഗാനഗന്ധര്‍വന്‍ യേശുദാസിന് എട്ടാം തവണയും ദേശീയ അംഗീകാരം തേടിയെത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനായി ദേശീയ പുരസ്‌ക്കാരം നേടിയിട്ടുള്ള പ്രതിഭയും യേശുദാസ് തന്നെ. എന്നാല്‍ ഇത്തവണ പുരസ്‌ക്കാരം വന്നത് കാല്‍ നൂറ്റാണ്ടിന് ശേഷമാണ്. വിശ്വാസപൂര്‍വ്വം മന്‍സൂറിലൂടെ ‘പോയ്മറഞ്ഞ കാലം…’ എന്ന ഗാനം പാടിയതിനാണ് എട്ടാം തവണയും പുരസ്‌ക്കാരം എത്തുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക ഗായകനായും മാറി. സംഗീത രംഗത്തെ അമ്പതുവര്‍ഷനുള്ളില്‍ എഴുപതിനായിരത്തില്‍ പരം ഗാനങ്ങള്‍ പാടിയാണ് ലോകത്തെ വിസ്മയിപ്പിക്കുന്നത്. എട്ട് തവണ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ ആറെണ്ണം മലയാള ചിത്രങ്ങള്‍ക്കാണ്. ഹിന്ദി, തെലുഗു ഭാഷകളില്‍ ഓരോ തവണയും അവാര്‍ഡ് സ്വന്തമാക്കി. 1972 ലാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. തൊട്ടടുത്ത വര്‍ഷവും അവാര്‍ഡ് യേശുദാസ് നേടി. ഗായത്രി എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ല്‍ ഹിന്ദി ചിത്രമായ ചിറ്റ്ചോരിലൂടെ മൂന്നാം അവാര്‍ഡ് നേടി. 1982 ല്‍ മേഘസന്ദേശം എന്ന തെലുഗു ചിത്രത്തിലൂടെയും ഗാനഗന്ധര്‍വന്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 1987 ല്‍ ഉണ്ണികളെ ഒരു കഥപറയാം, 1991 ല്‍ ഭരതം, 1993 ല്‍ സോപാനം എന്നീ ചിത്രങ്ങളിലൂടെയും ഗന്ധര്‍വ്വനാദം ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന പുരസ്‌ക്കാര നേട്ടത്തിന്റെ കാര്യത്തില്‍ കാല്‍ സെഞ്ച്വറി നേടിയിട്ടുള്ള യേശുദാസിന്റെ തൊട്ടടുത്ത് 16 തവണ പുരസ്‌ക്കാരം നേടിയിട്ടുള്ള ചിത്രയാണ് നില്‍ക്കുന്നത്. ഇതിനൊപ്പം തമിഴില്‍ അഞ്ചു തവണയും തെലുങ്കില്‍ നാലു തവണയും ബംഗാളിയില്‍ ഒരു തവണയും അദ്ദേഹം മികച്ച ഗായകനായി മാറി. രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മ വിഭൂഷണും നല്‍കി ആദരിച്ചിരുന്നു.
ഗാനഗന്ധര്‍വ്വന് ദേശീയ അവാര്‍ഡ് എട്ടാം തവണ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗാനം പാടി അതുല്യപ്രതിഭയായി യേശുദാസ്