ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍; മുറതെറ്റാതെ പിറന്നാളാഘോഷം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍; മുറതെറ്റാതെ പിറന്നാളാഘോഷം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍

കൊല്ലൂര്‍: ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍. ഇക്കുറിയും മുറതെറ്റാതെ പിറന്നാളാഘോഷിക്കാന്‍ യേശുദാസ് കുടുംബ സമേതം കൊല്ലൂര്‍മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി.ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിനോദ് യേശുദാസ് എന്നിവരോടപ്പം ചൊവ്വാഴ്ച രാത്രിയോടെ തന്നെ യേശുദാസ് കൊല്ലുരിലെത്തിയിരുന്നു. യേശുദാസിന്റെ എഴുപത്തിയെട്ടാം ജന്മദിനമാണ് ജനുവരി പത്ത്. രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ യേശുദാസ് ചണ്ഡികയാഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് സരസ്വതി മണ്ഡപത്തില്‍ കുട്ടികളുടെ സംഗീതാര്‍ച്ചനയില്‍ സംബന്ധിച്ച് കീര്‍ത്തനം ആലപിച്ചു. വൈകീട്ട് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും.1940 ജനുവരി 10-ന് ഫോര്‍ട്ടു കൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായാണ് യേശുദാസ് ജനിച്ചത്. അഗസ്റ്റിന്‍ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനും ആണ്മക്കളില്‍ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പന്‍, ബാബു, മണി, ജസ്റ്റിന്‍ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരില്‍ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ശാസ്ത്രീയ സംഗീതത്തോട് അതും കര്‍ണ്ണാടക സംഗീതത്തോട് വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. യേശുദാസ് 1949-ല്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പില്‍ക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രന്‍. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ല്‍ ചെമ്പൈയുടെ മരണം വരെ ഇതു തുടര്‍ന്നു പോന്നു.1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോര്‍ഡ് ചെയ്തത്. കെ.എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോര്‍ഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടു കണ്ടത് പകരക്കാനരനില്ലാത്തെ സ്വര പ്രപഞ്ചമാണ്.

0Shares