ഗാംഗുലിയെയും എം.എസ് ധോണിയോയും പിന്തള്ളി പുതിയ റെക്കോര്‍ഡുമായി വിരാട് കൊഹ്ലി

  • Post category:news
  • Reading time:1 min read
You are currently viewing ഗാംഗുലിയെയും എം.എസ് ധോണിയോയും പിന്തള്ളി പുതിയ റെക്കോര്‍ഡുമായി വിരാട് കൊഹ്ലി

മുംബൈ: ഇന്തന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച നായകന്‍മാരാണ് സൌരവ് ഗാംഗുലിയും എം.എസ് ധോണിയും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. ഗാംഗുലിയെയും ധോണിയെയും കടത്തിവെട്ടിയാണ് കൊഹ്ലിയുടെ കുതിപ്പ്. ഈ മുന്നേറ്റത്തില്‍ പിന്തള്ളപ്പെട്ടു പോകുന്നവരില്‍ എബി ഡിവില്ലിയേഴ്സ്, ഗ്രെയിം സ്മിത്ത്, മിസ്ബ ഉല്‍ ഹഖ്, സനത് ജയസൂര്യ, റിക്കി പോണ്ടിങ് തുടങ്ങി ഇതിഹാസ താരങ്ങളുമുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പുതിയയൊരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കൊഹ്ലി. നായകന്‍ എന്ന നിലക്ക് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കൊഹ്ലി സ്വന്തം പേരിലാക്കിയത്. ഡേവിഡ് വില്ലിയെ സിംഗിളിന് തൊടുത്താണ് കൊഹ്ലി ഈ നേട്ടം കൊയ്തത്. 49 ഇന്നിങ്സുകള്‍ മാത്രമാണ് കൊഹ്ലിക്ക് ഈ നേട്ടം എത്തിപ്പിടിക്കാന്‍ വേണ്ടി വന്നത്. ഇതിന് മുമ്പ് ഡിവില്ലിയേഴ്സിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 60 ഇന്നിങ്സുകളില്‍ നിന്നാണ് ഡിവില്ലിയേഴ്സ് 3000 റണ്‍സ് അടിച്ചെടുത്തത്. ധോണി 70 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഗാംഗുലിക്ക് ഈ നേട്ടത്തിലേക്ക് എത്താന്‍ വേണ്ടി വന്നത് 74 ഇന്നിങ്സുകളായിരുന്നു. സ്മിത്തും മിസ്ബായും 83 ഇന്നിങ്സുകളും ജയസൂര്യയും പോണ്ടിങും 84 ഇന്നിങ്സുകളില്‍ നിന്നുമാണ് 3000 റണ്‍സ് എന്ന നാഴികക്കല്ലിലെത്തിയത്. ട്വന്റി 20 യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കഴിഞ്ഞ മാസം കൊഹ്ലി സ്വന്തമാക്കിയിരുന്നു.

0Shares