ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേരളാ സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രത്തിന് അറിയാം; സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേരളാ സർക്കാരിന് കഴിയില്ലെങ്കിൽ  കേന്ദ്രത്തിന് അറിയാം; സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ ഉണ്ടായ പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചാല്‍ മതിയായിരുന്നു, അവര്‍ക്കറിയാം സുരക്ഷ ഒരുക്കാന്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘അതീവ സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടത്. ഗവര്‍ണര്‍ കണ്ണൂരിലെത്തിയപ്പോള്‍ മുതല്‍ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. രാഷ്ട്രപതി നിയമിച്ചതാണ് ഗവര്‍ണറെ.

അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍, സുരക്ഷയൊരുക്കാന്‍ കേന്ദ്രം ഇടപെടും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല,’ എം.ടി രമേശ് പറഞ്ഞു.
‘സിപിഎമ്മിന്‍റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഗവര്‍ണറെ മാറ്റാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. അത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. സുരക്ഷാ വീഴ്ചയില്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണം. അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകണം.’

‘ഗവര്‍ണര്‍ക്കെതിരായ നീക്കം അവസാനിപ്പിക്കാന്‍ സി.പി.എമ്മും ബന്ധപ്പെട്ട ആളുകള്‍ തയ്യാറാവണം. ജനാധിപത്യപരമായ രീതിയിലാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നത്. സമരം ചെയ്യുന്ന ആളുകള്‍ക്ക് ഗവര്‍ണറെ കണ്ട് നിവേദനം നല്‍കാമല്ലോ. എന്നാലവര്‍ കേന്ദ്രത്തിനെതിരായ സമരത്തില്‍ ഗവര്‍ണറെ ആയുധമാക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് പ്രസക്തിയില്ല. പാര്‍ലമെന്റ് പാസാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി. അതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വേണമെങ്കില്‍ സി.പി.എമ്മിന് സര്‍വ്വകക്ഷിയോഗം വിളിക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അങ്ങിനെയൊരു യോഗം വിളിക്കാനാവില്ല.

സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി മനസ് കൊണ്ട് മാറിയിട്ടില്ലെന്ന് മനസിലാക്കുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കും. പങ്കെടുക്കുകയാണെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തും.’ ‘കേരള ഗവര്‍ണര്‍ക്ക് ഭരണഘടനയെ കുറിച്ചും പാര്‍ലമെന്റിനെ കുറിച്ചും നിയമസംവിധാനത്തെ കുറിച്ചും നല്ല ബോധ്യമുണ്ട്. നിയമത്തിന് അനുകൂലമായാണ് സംസാരിക്കേണ്ടത്. പദവിയെക്കുറിച്ച് ബോധ്യമില്ലാതെ സംസാരിക്കുന്നത് മന്ത്രി എ.കെ ബാലനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമാണ്,’ എം.ടി രമേശ് പറഞ്ഞു.

0Shares