
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകകള്‍ കേരളം കുറച്ചു. പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം നല്കി. ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപയാണ് കേന്ദ്ര നിയമം നിര്‍ദേശിക്കുന്ന പിഴ തുക. ഇത് അഞ്ഞൂറു രൂപയായി കുറച്ചു. അമിത വേഗതയ്ക്ക് ആദ്യം 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഈടാക്കും.

അമിതഭാരം കയറ്റലിന് 20000 രൂപയില്‍ നിന്ന് 10000 രൂപയായി പിഴ കുറച്ചു. അതേസമയം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ തുക കേന്ദ്ര നിയമത്തിലുള്ള അതേപടി തുടരുമെന്നാണ് റിപ്പോര്‍ട്ട്. പിഴത്തുക സംബന്ധിച്ച് അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കും.
കേന്ദ്ര നിയമം നടപ്പിലാക്കി സംസ്ഥാനത്ത് വിജ്ഞാപനം ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അതില്‍ എങ്ങനെ മാറ്റം വരുത്താനാവുമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. വിജ്ഞാപനം പിന്‍വലിക്കാനാവുമോയെന്ന് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
