നൈനിറ്റാള്‍: ഗംഗ, യമുന നദികളും അവയുടെ പോഷക നദികളും ജീവനുള്ളവയാണെന്നും നിയമപരമായ എല്ലാം അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ അസാധാരണ വിധി. രണ്ട് നദികളുടെയും സംരക്ഷണത്തിനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഇത് സമൂഹത്തിന് ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിധിയില്‍ പറയുന്നു. മാലിന്യം കുന്നുകൂടി അന്ത്യശ്വാസം വലിക്കുന്ന നദികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഹൈക്കോടതി ഗംഗയ്ക്കും യമുനയ്ക്കും മനുഷ്യ പദവി നല്‍കികൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
നിയമ വിദഗ്ധരില്‍ നിന്ന് ഈ വിധിക്ക് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇനി ഈ നദികള്‍ മലിനപ്പെടുത്തുന്നത് മറ്റൊരു മനുഷ്യനെ ആക്രമിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. ഇരു നദികളുടേയും നിയമപരമായ രക്ഷിതാക്കളെയും ജസ്റ്റീസ് രാജീവ് ശര്‍മ്മയും ജസ്റ്റീസ് അലോക് ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് പ്രഖ്യാപിച്ചു. നമാമി ഗംഗാ പ്രൊജക്റ്റ് ഡയറര്‍ക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറലിനുമാണ് നദികളുടെ സംരക്ഷണ ചുമതല. നദികളുടെ ശുചീകരണത്തിനും പരിപാലനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കണം. ഇതിനായി എട്ടാഴ്ച്ച സമയവും കോടതി നല്‍കി.