
ദോഹ: ചെക്ക് താരം പെട്ര ക്വിറ്റോവയ്ക്കു ഖത്തർ ഓപ്പണ്‍ കിരീടം. ഫൈനലിൽ നാലാം സീഡ് ഗാർബിനെ മുഗുരുസയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് വീഴ്ത്തിയാണ് ക്വിറ്റോവ കിരീടം ചൂടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ക്വിറ്റോവ രണ്ടും മുന്നൂം സെറ്റ് അനായാസം സ്വന്തമാക്കി വിജയം പേരിലാക്കുകയായിരുന്നു. സ്കോർ: 3-6, 6-3, 6-4. കിരീട നേട്ടത്തോടെ ലോക റാങ്കിംഗിൽ പത്താം സ്ഥാനത്ത് കുതിച്ചെത്താൻ ക്വിറ്റോവയ്ക്കായി. 2016 ഡിസംബറിൽ വീട്ടിൽവച്ച് കത്തിയാക്രമണത്തിൽ പരിക്കേറ്റതിനു ശേഷം ആദ്യമായാണ് ക്വിറ്റോവ റാങ്കിംഗിൽ ആദ്യ പത്തിലെത്തുന്നത്.

അതേസമയം, വനിതാ ഡബിൾസിൽ ജെലേന ഒസ്റ്റപെങ്കോ-ഗബ്രിയേല ദാബ്രോവസ്കി സഖ്യം കിരീടം സ്വന്തമാക്കി. സ്പെയിൻ-സ്ലോവേനിയ സഖ്യമായ മരിയ ജോസ് മാർട്ടിനെസ് സാഞ്ചസ്-ആന്ദ്രേജ ക്ലെപക് കൂട്ടിനെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സ്കോർ: 6-3, 6-3. ലാത്വിയയുടെ ജെലേനയുടെയും കാനഡയുടെ ഗബ്രിയേലയുടെയും കൂട്ടുക്കെട്ടിലുള്ള പ്രഥമ ഡബിൾസ് കിരീടമാണിത്.
