കൊല്ലം: ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ ഐ.ആര്‍.ഇ നടത്തുന്ന ധാതുമണല്‍ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 71 ആം ദിവസം പിന്നിട്ടു. മന്ത്രിമാരും സ്ഥലം എം.എല്‍.എയുമടക്കം ഇതുവരെ ആരും സമരത്തെ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതിയും നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ ജനകീയ സമരസമിതി നടത്തുന്ന സമരം കടുപ്പിക്കാനാണ് തീരുമാനം.
ഖനനവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ കൊല്ലം ജില്ലാ കളക്ടര്‍ക്ക് റിപ്പോർട്ട് നൽകി. പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നാണ് റിപ്പോർട്ട്. വെള്ളാനത്തുരുത്ത് വില്ലേജ് ഓഫീസര്‍ അബ്ദുള്‍ സലാമാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകിയത്. ഇന്ത്യന്‍ റെയ്ര്‍ എര്‍ത്ത് ലിമിറ്റഡ് ഖനനം നടത്തുന്നത് നിയമാനുസൃതമായ സ്ഥലങ്ങളിലാണ്. എന്നാല്‍ ഖനനത്തിന്‍റെ ആഘാതം ജനവാസ മേഖലയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ സെസ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ വെച്ച് പാരിസ്ഥികാഘാത പഠനം നടത്തണം എന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിലുള്ളത്. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും സമരസമിതി നല്‍കിയ നിവേദനങ്ങളുമെല്ലാം ചേര്‍ത്ത് കളക്ടര്‍ ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് നൽകും.
പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണം; ആലപ്പാട് ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കാനാവില്ല; ജില്ലാ കളക്ടര്‍ക്ക് കൈമാറിയ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്