
ദോഹ: ഇന്ത്യക്കാർക്ക് സന്തോഷവാർത്ത ഖത്തർ സന്ദർശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല, സ്റ്റാമ്പ് ഡ്യൂട്ടിയും കാണില്ല. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ആവശ്യം. ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ സൗജന്യം അനുവദിച്ചുകൊണ്ട് ഖത്തര്‍ ടൂറിസം അതോറിററി അധികൃതര്‍ ആണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് ഉടന്‍ പ്രാബല്യത്തിലായെന്നും ഉത്തരവില്‍ പറയുന്നു. അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

സന്ദര്‍ശകന്റെ പൗരത്വം അനുസരിച്ച് ഒന്നുകില്‍ 180 അല്ലെങ്കില്‍ 90 ദിവസം രാജ്യത്ത് ചെലവഴിക്കാന്‍ അനുമതി നല്‍കും. അല്ലെങ്കില്‍ മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും.
രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് കരുതപ്പെടുന്നത്.
