
റിയാദ് : ഖത്തറിന് മേൽ മറ്റു അറബ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപാധികളിൽ അയവുവരുത്തി സൗദി സഖ്യം. പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെയുള്ള 13 ഉപാധികള്‍ ആറായി വെട്ടിച്ചുരുക്കി എന്നാണ് സൂചന. ജൂണ്‍ 22-ന് 13 ഉപാധികളായിരുന്നു സൗദി സഖ്യം മുന്നോട്ടു വെച്ചത്. എന്നാല്‍ അവ പരിഷ്കരിച്ച് പുതിയ ആറ് തത്ത്വങ്ങളെന്ന പേരിലാണ് പുതിയവ പുറത്തിറക്കിയിരിക്കുന്നത്. ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക് തയ്യാറെന്ന സൂചനയും മുന്നോട്ട് വെച്ചിരിക്കുകയാണ് സൗദി സഖ്യം. തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാനുള്ള പ്രതിജ്ഞാബദ്ധതയും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങളുമാണ് പുതിയ ഉപാധിയിലുള്ളത്. യു.എന്നില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗദി അറേബ്യയുടെ യു.എന്‍. സ്ഥാനപതി അബ്ദുല്ല അല്‍ മൗല്ലിമിയാണ് പുതിയ ഉപാധികള്‍ വെളിപ്പെടുത്തിയത്. ഉപാധികള്‍ ഖത്തറിന് നല്‍കാനായി പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് കൈമാറിയോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
സൗദി സഖ്യം പുറത്തിറക്കിയ പുതിയ ആറ് ഉപാധികള്‍ ഇവയാണ്:
1.എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തേയും ഭീകരവാദത്തേയും എതിര്‍ക്കുന്നതിനൊപ്പം അവക്കുള്ള സഹായധനവും താവളവും തടയുക.
2. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രകോപനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ഒഴിവാക്കുക.
3.ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് കൊണ്ട് 2013-ലെ റിയാദ് കരാറും 2014- ലെ അനുബന്ധ കരാറും അതിന്റെ നടപ്പാക്കല്‍ രീതിയും പൂര്‍ണമായും പാലിക്കുക.
4. 2017 മേയില്‍ റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക്‌അമേരിക്കന്‍ ഉച്ചകോടിയുടെ താത്പര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുക.
5. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ പാടില്ലെന്ന് മാത്രമല്ല നിയമവിരുദ്ധ സ്ഥാപനങ്ങളെ പിന്തുണക്കുന്നത് നിര്‍ത്തലാക്കുക.
6.അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉളവാക്കുന്ന എല്ലാതരം തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.
അതേസമയം സൗദി സഖ്യത്തിന്റെ പുതിയ ഉപാധി സംബന്ധിച്ച് ഖത്തര്‍ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതുമായ നടപടികള്‍ അംഗീകരിക്കില്ലെന്ന് നേരത്തെത്തന്നെ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ജസീറ പൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനികത്താവളം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളായിരുന്നു നേരത്തെ സൗദിസഖ്യം മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതുമായ ഉപാധികള്‍ നടപ്പാക്കാന്‍ കഴിയാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തര്‍ നേരത്തെ മറുപടി നല്‍കിയിരുന്നു.
