ഖത്തര്‍: ദോഹ സ്വദേശിയായ വൃദ്ധ കൊല്ലപ്പെട്ട കേസില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യാ ഗവണ്‍മെന്റ് ഖത്തറിന് ദയാ ഹര്‍ജി നല്‍കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. 2012 ലാണ് ഖത്തറിലെ സലത്ത ജദീദില്‍ വീട്ടിനകത്ത് വൃദ്ധ കൊല്ലപ്പെട്ടത്. ഇവരുടെ വീടിനടുത്ത് ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ അളഗപ്പ സുബ്രമണ്യന്‍, ചെല്ലദുരൈ പെരുമാള്‍ എന്നിവര്‍ ചേര്‍ന്ന് മോഷണം നടത്തുന്നതിനിടെ വൃദ്ധയെ കൊലപ്പെടുത്തി എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷയും വിധിച്ചിരുന്നു.

കേസില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി ഖത്തര്‍ കോടതി തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ ഒരു വ്യക്തി സുഷമാസ്വരാജിനെ അറിയിച്ചിരുന്നു. ഇതിനു പിറകെയാണ് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറോട് സുഷമ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് വിലയിരുത്തിയതിനു ശേഷമാണ് കേന്ദ്രം പുതിയ നടപടികള്‍ക്കൊരുങ്ങുന്നത്. പ്രതികളുടെ കുടുംബത്തോടൊപ്പം ചേര്‍ന്ന് ദയാഹര്‍ജി നല്‍കുമെന്നാണ് സുഷമാസ്വരാജ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കേസിലെ മൂന്നാം പ്രതിയായ ശിവകുമാര്‍ അരസനും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് അപ്പീല്‍ കോടതി ജീവപര്യന്തമായും ഹൈക്കോടതി ഇടപെട്ട് ശിക്ഷ 15 വര്‍ഷമായും കുറച്ചിരുന്നു.