
കർണാടകയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രിസഭയിൽ മൂന്നു ഉപമുഖ്യമന്ത്രിമാർ എന്ന വ്യത്യസ്തതയുമായി യെദിയൂരപ്പ സർക്കാര്‍. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ആറു ദിവസത്തിനുശേഷം വകുപ്പ് വിഭജനം നടന്നത്.സഖ്യസർക്കാറിന്റെ വീഴ്ചക്ക് കാരണമായ ഓപ്പറേഷൻ താമര നീക്കത്തിന് നിർണായക പങ്കുവഹിച്ച ബി.ജെ.പി നേതാവ് ഡോ. അശ്വത് നാരായൺ ഉൾപ്പെടെ മൂന്നുപേരെ ഉപമുഖ്യമന്ത്രിമാരാക്കിയിട്ടുണ്ട്.
ലക്ഷ്മൺ സാവഡി, ഗോവിന്ദ് കർജോൽ എന്നിവരാണ് മറ്റു ഉപമുഖ്യമന്ത്രിമാർ. ഫലത്തിൽ മുഖ്യമന്ത്രി യെദിയൂരപ്പക്ക് കടിഞ്ഞാണിടുന്ന തരത്തിലാണ് കേന്ദ്ര നിർദേശപ്രകാരം മൂന്നു ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യെദിയൂരപ്പ സർക്കാറിന്റെ ആദ്യഘട്ട മന്ത്രിസഭ വികസനം നടന്നത്. ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിൽ യെദിയൂരപ്പക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ അമിത് ഷാ ചര്‍ച്ചയ്ക്കായി നിയോഗിച്ച ജെ.പി നദ്ദ മൂന്നു ഉപമുഖ്യമന്ത്രിമാര്‍ എന്ന ഫോര്‍മുല മുറുകെ പിടിച്ചതോടെ ഗത്യന്തരമില്ലാതെ യെദിയൂരപ്പ കീഴടങ്ങുകയായിരുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്ന അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരും വരും ദിവസങ്ങളിൽ ബി.ജെ.പിക്കെതിരെ തിരിയും. ബസവരാജ് ബൊമ്മൈ ആണ് ആഭ്യന്തര മന്ത്രി. റവന്യൂ വകുപ്പാണ് ആർ. അശോകക്ക് നൽകിയത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വ്യവസായ വകുപ്പ് ലഭിച്ചപ്പോൾ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പക്ക് ഗ്രാമീണ വികസന, പഞ്ചായത്ത് രാജ് വകുപ്പ് ലഭിച്ചു. ബി. ശ്രീരാമുലുവാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രി.
മന്ത്രിസഭയിലെ ഏക വനിത മന്ത്രിയായ ശശികല ജോലെക്ക് വനിത ശിശുക്ഷേമത്തിന്റെ ചുമതല ലഭിക്കും. ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോൽ പൊതുമരാമത്തും ഡോ. അശ്വത് നാരായൻ ഉന്നത വിദ്യാഭ്യാസം, ഐ.ടി, ബയോടെക്നോളജി, സയൻസ് വകുപ്പുകളും ലക്ഷ്മൺ സാവഡി ഗതാഗതം വകുപ്പും കൈകാര്യം ചെയ്യും. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ എം.എൽ.എമാർ ഇപ്പോഴും കടുത്ത അതൃപ്തിയിലാണ്. നിയമസഭ തെരഞ്ഞെുടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവഡിക്ക് പാർട്ടിതലത്തിലെ പ്രവർത്തനമികവാണ് ഗുണകരമായത്.
സാവഡിയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് എം.എൽ.എ ആക്കാനാണ് നീക്കം. എന്നാൽ, മന്ത്രിസ്ഥാനം നൽകിയതിൽ സംസ്ഥാന നേതാക്കൾക്കിടയിൽ ഇപ്പോഴും എതിർപ്പുണ്ട്. സാവഡിക്ക് ഉപമുഖ്യമന്ത്രി പദവി നൽകിയാൽ തനിക്ക് രണ്ടാം ഘട്ട വികസനത്തിൽ മന്ത്രി സ്ഥാനം വേണ്ടെന്ന് മുതിർന്ന എം.എൽ.എ ഉമേഷ് കാട്ടി നേരത്തേ തന്നെ ഭീഷണി മുഴക്കിയിരുന്നു. അതിനാൽ വകുപ്പ് വിഭജനം വരും ദിവസങ്ങളിൽ ബി.ജെ.പിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കും.
