കർഷകർക്ക് ആശ്വാസമായി കേരളാ സർക്കാർ; അടുത്ത ഒരു വർഷത്തേയ്ക്ക് കാർഷിക, കാർഷികേതര വായ്പകളിൽ ജപ്‍തി നടപടികൾ ഉണ്ടാവില്ല

  • Post category:news
  • Reading time:1 min read
You are currently viewing കർഷകർക്ക് ആശ്വാസമായി കേരളാ സർക്കാർ; അടുത്ത ഒരു വർഷത്തേയ്ക്ക് കാർഷിക, കാർഷികേതര വായ്പകളിൽ ജപ്‍തി നടപടികൾ ഉണ്ടാവില്ല

തിരുവനന്തപുരം: നൂറ്റാണ്ടിലെ പ്രളയത്തെത്തുടർന്ന് വിളകൾ നശിച്ച് ദുരിതത്തിലായ കർഷകർക്ക് ആശ്വാസമായി സർക്കാർ നടപടി. ഇനിയുള്ള ഒരു വർഷത്തേയ്ക്ക് കാർഷിക, കാർഷികേതര വായ്പകളിൽ ജപ്‍തി നടപടികൾ പാടില്ലെന്ന് ബാങ്കേഴ്സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു. ബാങ്കേഴ്സ് സമിതി സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചതായി കൃഷിമന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.കൂടാതെ വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷൻ പരിധിയിൽ കൊണ്ടുവരണമെന്ന സർക്കാർ നിർദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‍സ് സമിതി വ്യക്തമാക്കി.

നാളെ ഇടുക്കിയിൽ നടക്കുന്ന ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പങ്കെടുക്കും. വരുന്ന ഒരു വർഷത്തേക്ക് കർഷകരുടെ കാർഷിക, കാർഷികേതര വായ്‍പകളിൽ സർഫാസി നിയമം ചുമത്തില്ല. ഇതിനുവേണ്ടി റിസർവ് ബാങ്കിന്‍റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ നടപടികളും റിസർവ് ബാങ്കിന്‍റെ അനുമതിയോടെ മാത്രമേ നടപ്പാകൂ എന്നതിനാല്‍ ഈ മാസം 12-ന് സഹകരണമന്ത്രി ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തെ പഞ്ചായത്ത് തലങ്ങളിലും ഇനി കർഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. ഈ യോഗങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥരെയും കർഷകരെയും ഒന്നിച്ചിരുത്തി നടത്തും. ഇതിന് മുന്‍പ് വായ്‍പ എടുത്തവർക്ക് പുതിയ വായ്‍പ നിഷേധിക്കരുതെന്നും ബാങ്കേഴ്‍സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares