ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ള വൻ സ്വാധീന ബജറ്റായി മാറി കേന്ദ്ര ബജറ്റ്. കര്‍ഷകരേയും ഇടത്തരക്കാരായ നികുതി ദായകരേയും കയ്യിലെടുക്കാനുള്ള ബജറ്റെന്ന ആരോപണവും വന്നു. നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പീയൂഷ് ഗോയലാണ് അവതരിപ്പിച്ചത്.
കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ ലഭ്യമാക്കുന്ന കിസാന്‍ സമ്മാന്‍ നിധിയാണ് ബജറ്റിലെ കാർഷിക പ്രഖ്യാപനം. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ലയെന്നതാണ് മറ്റൊരു പ്രഖ്യാപനം. അതിനിടെ രാഹുൽ ഗാന്ധിയുടെ കഴിഞ്ഞദിവസത്തെ എറണാകുളം പ്രഖ്യാപനം ബജറ്റിൽ കടന്നുകൂടി. തൊഴിൽ രഹിതർക്ക് പെൻഷൻ നൽകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. ഈ പദ്ധതി മോദിസർക്കാർ തന്നെ പ്രാബല്യത്തിൽ വരുത്താനൊരുങ്ങുന്നു. തൊഴിൽ രഹിതർക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പ്രധാനമന്ത്രി ശ്രം യോഗി മന്‍ദന്‍ പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകർഷണം. കർഷകരുടെ കടം എഴുതിത്തള്ളും എന്നുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായില്ല. ഇത് കർഷകരെ നിരാശപെടുത്തും. പിയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച 6000 രൂപയുടെ കാർഷിക പദ്ധതിയുടെ ഗുണം 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പറയുന്നത്.
അതേസമയം ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. വോട്ട് ബജറ്റാണ് മോദി സർക്കാർ അവതരിപ്പിച്ചെതെന്നാണ് അവർ ആരോപിക്കുന്നത്. 5 വർഷം കൊണ്ട് കാർഷികമേഖലക്ക് ഒന്നും ചെയ്യാത്ത ഭരണകൂടം വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള ബജറ്റ് പ്രഖ്യാപിക്കുകയാണുണ്ടായതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ കുറ്റപ്പെടുത്തി. ബജറ്റിനെ എതിർത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കമായുള്ള നേതാക്കൾ രംഗത്ത് വന്നു. കർഷകരുടെ കടം എഴുതിത്തള്ളും എന്നുള്ള പ്രഖ്യാപനം ബജറ്റിൽ ഇല്ലാത്തതിനാൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഇത് ഉയർത്തിക്കാട്ടാൻ സാധ്യത ഏറി.