ബംഗളുരു: കർണാടകയിലെ ഭരണം ബി.ജെ.പി കയ്യിലെടുക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾക്ക് നാടകീയത തുടരുന്നു. ഇതിന്റെ ഭാഗമായി ബി.ജെ.പി എം.എല്‍.എമാരെ ഒരു റിസോർട്ടിലേക്ക് മാറ്റിയതായും വിവരമുണ്ട്. നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജെ.ഡി.എസ്, കോണ്‍ഗ്രസ് ആരോപിച്ചു. കർണാടകയിൽ 224 അംഗ നിയമസഭയില്‍ ജെ.ഡി.എസിനും കോണ്‍ഗ്രസിനുമായി 118 എം.എല്‍.എമാരാണുള്ളത്. കേവല ഭൂരിപക്ഷം 113 എന്നിരിക്കെ 104 എം.എല്‍.എ മാരുണ്ടായിട്ടും സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിക്കാത്തതിലും വലിയ മനോവിഷമത്തിലാണ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പ.
കേവല ഭുരിപക്ഷമുണ്ടായിട്ടും സർക്കാരുണ്ടാകുന്നതിൽനിന്നും ബി.ജെ.പി യെ ഒതുക്കിയത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രമാണ്. ബി.ജെ.പിയെ ഒതുക്കാൻ എച്ച്.ഡി കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു കോൺഗ്രസ് തിരിച്ചടിച്ചത്. ഇപ്പോൾ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യമാണ് കർണാടകയിൽ ഭരണം നടത്തുന്നത്. ഈ സർക്കാരിനെ താഴെയിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി ജെ.ഡി.എസ്- കോണ്‍ഗ്രസ് എം.എൽ.എ മാർക്ക് രഹസ്യമായി പണം വാഗ്ദാനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ നാല് കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിൽ നിന്നും കാണാനില്ലെന്ന വാർത്തയും പുറത്തുവരികയാണ്. അടുത്തിടെ ക്യാബിനറ്റില്‍ നിന്നും കുമാരസ്വാമി പുറത്താക്കിയ എം.എൽ.എയും കാണാതായവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ ബി.ജെ.പിയുടെ വലയിലായോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.