കർണാകയിൽ ബി.ജെ.പി എത്രകാലം ഭരണം നടത്തും? ; ഭാവി ജൂലൈ 31നുള്ളില്‍ അറിയാം; സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ വീണ്ടും രാജിവെച്ച് പോകേണ്ടിവരും

  • Post category:news
  • Reading time:1 min read
You are currently viewing കർണാകയിൽ ബി.ജെ.പി എത്രകാലം ഭരണം നടത്തും? ; ഭാവി ജൂലൈ 31നുള്ളില്‍ അറിയാം; സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ വീണ്ടും രാജിവെച്ച് പോകേണ്ടിവരും

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന്‍റെ ഭാവി തീരുമാനിക്കപ്പെടുന്നത് ജൂലൈ 31നുള്ളില്‍. പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ ജൂലൈ 31നുള്ളില്‍ വിധാന്‍ സൗധയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിര്‍ദേശം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. നേരത്തെ കുമാരസ്വാമി സര്‍ക്കാറിനൊപ്പമുണ്ടായിരുന്ന രണ്ട് സ്വതന്ത്രര്‍ ഇതിനകം തന്നെ ബി.ജെ.പിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.

അങ്ങനെവരുമ്പോള്‍ 106 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും യദ്യൂരപ്പ സര്‍ക്കാറിന്‍റെ ഭാവി തീരുമാനിക്കപ്പെടുക. 16 പേരില്‍ മൂന്നുപേരെ സ്പീക്കര്‍ ഇതിനകം തന്നെ അയോഗ്യരാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 13 എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുകയാണെങ്കില്‍ 209 ആയി സഭയിലെ ആകെ അംഗബലം കുറയുകയും യദ്യൂരപ്പ സര്‍ക്കാറിന് കേവലഭൂരിപക്ഷം ലഭിക്കുകയും ചെയ്യും.

വിമതരുടെ രാജി സ്പീക്കര്‍ സ്വീകരിക്കാതിരിക്കുകയും വിശ്വാസ വോട്ടെടുപ്പ് സമയത്ത് ഇവര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയും ചെയ്താലും യെദ്യൂരപ്പ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ കഴിയും. വിമതര്‍ പിന്തുണച്ചേക്കുമെന്ന സൂചനയാണ് ബി.ജെ.പി നേതാവ് ശോഭാ കലന്തരജെ നല്‍കിയത്. നിയമസഭയിലെ അംഗബലം ഒരു പ്രശ്‌നമല്ല. വിമത എം.എല്‍.എമാര്‍ അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കും. അവര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യും.’ എന്നായിരുന്നു ശോഭ പറഞ്ഞത്.

0Shares