പഞ്ചാബ്: ഒമ്പതുകാരനെ കൊന്നു തിന്ന 16 കാരനെ പോലീസ് അറസ്റ്റ് ചെയതു. ലുധിയാനയിലെ ദുഗ്രിയിലാണ് നാടിനെ നടുക്കിയ അതിഭീകരമായ സസംഭവം നടന്നത്. എട്ടാം ക്ലാസുകാരനായ പ്രതിയുടെ അയല്‍വാസിയായ ദീപു കുമാര്‍ എന്ന കുട്ടിയെയാണ് കൊന്നു തിന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദീപുവിനെ കാണാതവുന്നത്. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ പ്രദേശത്ത് തലയറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

ദീപും പ്രതിയും ഒന്നിച്ചു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പട്ടം പറത്താനെന്ന പേരില്‍ ദീപുവിനെ പ്രതി വിളിച്ചു കൊണ്ടു പോവുകയായിരുന്നു. ശ്വാസം മുട്ടിച്ച് ദീപുവിനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ ആറു കഷ്ണങ്ങളാക്കി മുറിക്കുകയും തുടര്‍ന്ന് കുട്ടിയുടെ മാംസം ഭക്ഷിക്കുകയും ചോര കുടിക്കുകയും ചെയ്തു.
ബാക്കിയുള്ള ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. കൂടാതെ ദീപുവിന്റെ ഹൃദയം പറിച്ചെടുത്ത് താന്‍ പഠിക്കുന്ന സ്‌കൂളിന്റെ പരിസരത്തേക്ക് വലിച്ചെറിയുകയും ചെയ്തു എന്നും പ്രതി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിലെ വാട്ടര്‍ടാങ്കിന്റെ അടിയില്‍ നിന്നും ദീപുവിന്റെ ഹൃദയം കണ്ടെത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം മുറിക്കാനുപയോഗിച്ച ആയുധം പ്രതിയുടെ വീടിനുള്ളില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ മാനസിക പരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു. പലപ്പോഴും പച്ചയിറച്ചി കഴിക്കാന്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും സ്വന്തം വിരല്‍ തന്നെ കടിച്ചു തിന്നാന്‍ തോന്നിയെന്നുമാണ് പ്രതിയായ കൗമാരക്കാരന്‍ പോലീസിനെ അറിയിച്ചത്.