ക്ഷേത്ര പറമ്പില്‍ ആന പാപ്പാനെ കുത്തിക്കൊന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷേത്ര പറമ്പില്‍ ആന പാപ്പാനെ കുത്തിക്കൊന്നു.

തിരുവനന്തപുരം: പാറശ്ശാല മഹാദേവ ക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനായ മുരുകനെ കുത്തിക്കൊന്നത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശിയാണ് മുരുകന്‍. ക്ഷേത്രത്തിനു സമീപം തളച്ചിരുന്ന ആനയെ തീറ്റകൊടുക്കുന്നതിനായി പുറത്തേക്ക് കൊണ്ടുവരുന്നതിനിടയില്‍ പാപ്പാനെയും സഹായിക്കാനെത്തിയ പ്രദേശവാസി കണ്ണനെയും ആക്രമിക്കുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്ന കണ്ണന്‍ സമീപത്തെ തെങ്ങില്‍ക്കയറി രക്ഷപ്പെട്ടു.

ആന വിരണ്ടത് കണ്ട് മൂന്നാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. ദിവസ വേതന അടിസ്ഥാനത്തിലാണ് മുരുകന്‍ ജോലി ചെയ്തിരുന്നത്. ഇതിനുമുന്‍പ് രണ്ട് തവണ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആനയെ പരിശോധിച്ച ഡോക്ടര്‍ ഒരു മാസത്തേയ്ക്ക് കൂടി ആനയെ പുറത്തിറക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാപ്പാന്മാര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

0Shares