മൈസൂരു: ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് പത്തുപേര്‍ മരണപ്പെട്ടു. കഴിച്ചവരില്‍ 80 പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇവരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചാമരാജ നഗറിലെ സല്‍വാടി കിച്ച്ചുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിലെ ഗോപുരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് പ്രസാദമായി പുലാവ് വിതരണം ചെയ്തിരുന്നു. കഴിച്ചവരില്‍ ചിലര്‍ അല്‍പസമയത്തിനുള്ള ബോധരഹിതരായി കുഴഞ്ഞുവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് ഭക്തരും ക്ഷേത്ര അധികൃതരും ചേര്‍ന്ന് പ്രസാദം കഴിച്ചവരെ വിവിധ ആശുപത്രികളിലെത്തിച്ചു.

മരിച്ചവരില്‍ ഏറെയും സത്രീകളാണ്. മരിച്ചവരില്‍ ഗോപമ്മ, അനിത, പാപ്പന, ശാന്ത എന്നിവരും 15 വയസായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇരുന്നൂറോളം പേര്‍ ചടങ്ങിനെത്തിയിരുന്നു. പ്രസാദത്തിന്റെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച നിരവധി കാക്കകളും ക്ഷേത്രപരിസരത്ത് ചത്തിട്ടുണ്ട്.